Uncategorized

മ്ലാവിറച്ചി’യെന്ന് തെറ്റിദ്ധരിച്ച് അറസ്റ്റ്, ജയിലിൽ കിടന്നത് 35 ദിവസം; ഫലം വന്നപ്പോൾ ‘പോത്തിറച്ചി’, യുവാവിന്റെ ഭാര്യ വിവാഹമോചനം നേടി

തൃശൂർ∙ മ്ലാവിറച്ചിയെന്ന പേരിൽ തൃശൂർ മുപ്ലിയത്ത് വനം ഉദ്യോഗസ്ഥർ പിടികൂടിയതു പോത്തിറച്ചി. കേസിൽ അകപ്പെട്ടതോടെ 35 ദിവസമാണ് 2 പേർ ജയിലിൽ കിടന്നത്. ചാലക്കുടി മേച്ചിറ സ്വദേശിയും ചുമട്ടു തൊഴിലാളിയുമായ സുജേഷ് ആണു സുഹൃത്ത് ജോബിക്കൊപ്പം കേസിൽ അകപ്പെട്ടത്. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് മ്ലാവിറച്ചി കഴിച്ചെന്നു പറഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥർ ഇരുവരെയും അറസ്റ്റ് ചെയ്തത്. 35 ദിവസം ജയിലിൽ കിടന്നതിനു പിന്നാലെ ഹൈക്കോടതി ഇരുവർക്കും ജാമ്യം അനുവദിക്കുകയായിരുന്നു.

എന്നാൽ പിന്നീടാണു സുജേഷിന്റെ ജീവിതം തകർന്നത്. അറസ്റ്റിലായ ശേഷം സുജേഷിന്‍റെ ജീവിതം കീഴ്മേൽ മറിഞ്ഞു. ഭാര്യ വിവാഹമോചനം നേടി. രണ്ടു മക്കളാണ് ഇവർക്കുള്ളത്. അച്ഛനും അമ്മയും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായ സുജേഷിന്റെ ജീവിതം കള്ളക്കേസിൽ കുടുങ്ങിയതോടെ പ്രതിസന്ധിയിലായി. വൈകാതെ ഇവരിൽ നിന്നു പിടികൂടിയത് മ്ലാവിറച്ചിയല്ലെന്ന് ഫൊറൻസിക് ലാബിൽനിന്നുള്ള ഫലം വന്നു.

‘‘മ്ലാവിറച്ചി ആണെന്നാണു വനംവകുപ്പ് പറഞ്ഞത്. പരിശോധനാ ഫലം വന്നപ്പോൾ പോത്തിറച്ചിയാണ്. 35 ദിവസം ജയിലിൽ കഴി‍ഞ്ഞു. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ഇന്നും വനം വകുപ്പ് ഓഫിസിലെത്തി ഒപ്പിട്ടു. ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി ആലോചിക്കും. അത്രമാത്രം അനുഭവിച്ചു. ഒരാൺകുട്ടിയും പെൺകുട്ടിയും ഉണ്ട്. ഭാര്യ വിവാഹമോചനം നേടി. കോഴിക്കട ഉണ്ടായിരുന്നു. കശാപ്പിന്റെ ജോലിയും ഉണ്ടായിരുന്നു. വനംവകുപ്പ് വന്ന് വൈരാഗ്യ ബുദ്ധിയോടെ പെരുമാറി. മ്ലാവിറച്ചി അല്ലെന്ന് പലതവണ പറഞ്ഞു. ശാരീരികമായി ഉപദ്രവിച്ചാണ് മൊഴി പറയിപ്പിച്ചത്. തെളിവ് കൊടുത്തിട്ടുണ്ട്. വീണ്ടും ചുമട്ടുതൊഴിലാളിയായി കയറാനാകുമെന്നാണു പ്രതീക്ഷ. ആദ്യമായാണ് ജയിലിൽ കിടക്കുന്നത്. ഇതുവരെ ഒരു കേസും ഉണ്ടായിട്ടില്ല’’ – സുജേഷ് പറയുന്നു.

അതേസമയം മ്ലാവിറച്ചിയാണെന്ന് പറഞ്ഞു യുവാക്കൾ നടത്തിയ വാട്സാപ്പ് സംഭാഷണം തെളിവായി ഉണ്ടെന്നാണ് വനം വകുപ്പിന്റെ വാദം. വന്യജീവി സംരക്ഷണ നിയമപ്രകാരം ഇത്തരം കേസുകൾ കൈകാര്യം ചെയ്യുന്നത് അപ്പോൾ കിട്ടിയ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും ഫൊറൻസിക് ലാബ് ഫലങ്ങൾ വൈകാറുണ്ടെന്നും വനം വകുപ്പ് പറയുന്നു. മ്ലാവിനെ വേട്ടയാടി, പാചകം ചെയ്തു തുടങ്ങിയ വകുപ്പുകളാണു ഇരുവർക്കുമെതിരെ ചുമത്തിയത്.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.