Kerala

നവവധു ജീവനൊടുക്കി; ആത്മഹത്യ വീട്ടിലെ കിടപ്പുമുറിയിൽ, വിവാഹം രണ്ട് മാസം മുമ്പ്

തിരുവനന്തപുരം ∙ വർക്കല വെട്ടൂർ റാത്തിക്കലിൽ നവവധു ജീവനൊടുക്കി. രണ്ടുമാസം മുൻപ് കൊല്ലം പരവൂർ തെക്കുംഭാഗം സ്വദേശിയായ മാണിക്കഴികം വീട്ടിൽ അൻസറിനെ വിവാഹം ചെയ്ത നാസിയ (19) ആണ് മരിച്ചത്. വീട്ടിലെ കിടപ്പുമുറിയിലായിരുന്നു ഇന്നലെ വൈകിട്ട് നാസിയ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. റാത്തിക്കൽ നാസിയ മൻസിലിൽ നൗഷാദിന്റെയും സഹീറയുടെയും മകളാണ് വാവ എന്നു വിളിക്കുന്ന നാസിയ.

നാസിയയെ ആദ്യം വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പുലർച്ചെയോടെയാണ് മരണം സ്ഥിരീകരിച്ചത്. വിവാഹം കഴിഞ്ഞ് 13 ദിവസം പിന്നിട്ടപ്പോഴേക്കും അൻസർ ജോലിസംബന്ധമായി കുവൈത്തിലേക്ക് പോയിരുന്നു. ഭർത്താവിൽ നിന്ന് അകന്നുനിൽക്കേണ്ടി വന്നതിനെ തുടർന്ന് നാസിയയ്ക്ക് മാനസിക വിഷമമുണ്ടായിരുന്നുവെന്ന് വീട്ടുകാർ അറിയിച്ചതായി പൊലീസ് പറയുന്നു.

വിവാഹം കഴിഞ്ഞ് രണ്ടുമാസം മാത്രമായതിനാൽ നിയമനടപടികളുടെ ഭാഗമായി ആർഡിഒയുടെ സാന്നിധ്യത്തിലായിരിക്കും ഇൻക്വസ്റ്റ് നടപടികൾ നടക്കുക. തുടർന്ന് പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റും. സംഭവത്തിൽ വർക്കല പൊലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.