Kerala

‘സാധനം എവിടെയാണ്’; ലഹരി വിൽപനക്കാരാണെന്ന് ആരോപിച്ച് ആൾക്കൂട്ട മർദനം, യുവാക്കളെ വിവസ്ത്രരാക്കി, തലമൊട്ടയടിപ്പിച്ചു

കൊച്ചി∙ കഞ്ചാവ് വിൽപനക്കാരാണെന്ന് ആരോപിച്ച് പെരുമ്പാവൂരിൽ യുവാക്കൾക്ക് നേരെ ആൾക്കൂട്ട വിചാരണ. നടുറോഡിൽ തല കുനിച്ച് നിർത്തി മൊട്ടയടിക്കുകയും മർദിക്കുകയും ചെയ്തു. മുറിയിൽ കയറ്റിയ ശേഷം വസ്ത്രം അഴിപ്പിച്ചും ക്രൂരമായി യുവാക്കളെ മർദിച്ചു. ബുധനാഴ്ച വൈകിട്ട് നാലുമണിയോടെ പെരുമ്പാവൂർ കണ്ടന്തറയിലാണ് സംഭവം. മഞ്ഞപ്പെട്ടി സ്വദേശികളായ ഗോകുൽ (18), ആൽബി (20), മുഹമ്മദ് അൽഫാസ് (20) എന്നിവർക്കാണ് മർദനമേറ്റത്. യുവാക്കൾ പൊലീസിൽ പരാതി നൽകി.

കണ്ടന്തറയിലെ സോഡാ ഫാക്ടറിയിൽ ജോലി ആവശ്യപ്പെട്ടാണ് യുവാക്കള്‍ എത്തിയത്. ഫാക്ടറിയിൽ ജോലി ചെയ്തിരുന്ന ഇതരസംസ്ഥാന തൊഴിലാളികൾ നാട്ടിൽ പോയ ഒഴിവിലേക്ക് ആളെ ആവശ്യമുണ്ടെന്നറിഞ്ഞിട്ടാണ് ഇവർ ഫാക്ടറിയിലെത്തിയത്. ഫാക്ടറിയുടെ മുന്നിലെത്തിയപ്പോൾ ഒരുസംഘം ആളുകൾ ഇവരുടെ ബൈക്കിന്റെ താക്കോൽ ഊരി മാറ്റുകയും കഞ്ചാവ് വിൽപ്പനക്കാരല്ലേ എന്ന് ചോദിച്ച് മർദിക്കുകയുമായിരുന്നെന്ന് യുവാക്കൾ പറഞ്ഞു. തങ്ങൾ ലഹരി വിൽപന നടത്തുന്നില്ലെന്ന് പറ‍ഞ്ഞെങ്കിലും അതൊന്നും കാര്യമാക്കാതെ ആൾക്കൂട്ടം യുവാക്കളെ മർദിച്ചുകൊണ്ടിരുന്നു.

‘‘സാധനം എവിടെയാണ് നിങ്ങൾ ഒളിപ്പിച്ച് വച്ചത്. നിങ്ങളുടെ കയ്യിൽ സാധനമുണ്ട്. അത് കൊടുക്കാനല്ലേ നിങ്ങൾ വന്നത് എന്ന് പറഞ്ഞാണ് മർദിച്ചത്. ഞങ്ങൾ അങ്ങനെ ഒന്നും ചെയ്തിട്ടില്ല. ലഹരി വിൽപനക്കാരല്ല. ഇവിടെ ജോലിക്ക് വേണ്ടി വന്നതാണ് എന്നെല്ലാം പറഞ്ഞെങ്കിലും മർദനം വീണ്ടും തുടർന്നു. എന്ത് പറഞ്ഞിട്ടും അവർ കേട്ടില്ല. ഞങ്ങളെ തെറിവിളിച്ചു. മുറിയിൽ കയറ്റി വസ്ത്രം ഊരിപ്പിച്ചതിന് ശേഷവും മർദിച്ചു. ശരീരത്തിന്റെ പല ഭാഗത്തും അടിച്ചു. തുടർന്ന് പുറത്തേയ്ക്ക് കൊണ്ടുവന്ന ശേഷം അടുത്തുള്ള ബാർബർ ഷോപ്പിൽ നിന്ന് ബാർബറെ കൂട്ടിക്കൊണ്ടു വന്ന് ഞങ്ങളുടെ തല മൊട്ടയടിച്ചു. റോഡിൽ നിലത്ത് മുട്ട് കുത്തിച്ച് നിർത്തിയാണ് ട്രിമ്മർ ഉപയോഗിച്ച് തല മൊട്ടയടിപ്പിച്ചത്. നിലത്ത് വീണ മുടി മുഴുവൻ വാരിക്കൊണ്ട് പോകണമെന്നും ഒരൊറ്റ മുടി പോലും നിലത്ത് കിടക്കരുതെന്നും അവർ ഞങ്ങളോട് പറഞ്ഞു’’– യുവാക്കൾ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. മർ‍ദനത്തിന് പിന്നാലെ യുവാക്കൾ പെരുമ്പാവൂർ പൊലീസിൽ പരാതി നൽകി. സംഭവത്തിൽ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. സാജിദ്, മാഹിൻ കുട്ടി, ഷെമീർ, ഷെരീഫ്, റഫീക്ക്, അൻവർ‌ എന്നിവരാണ് അറസ്റ്റിലായത്.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.