Kerala

മദ്യപാനത്തിനിടെ യുവാവിനെ തലയ്ക്ക് അടിച്ചുകൊന്നു; സുഹൃത്തുക്കളായ മൂന്നുപേര്‍ പിടിയില്‍

കൊച്ചി: എറണാകുളം ജില്ലയിലെ മുളന്തുരുത്തിയില്‍ യുവാവിനെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി. തിരുവനന്തപുരം സ്വദേശി മുജീബ് ആണ് കൊല്ലപ്പെട്ടത്. മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. മുജീബിനൊപ്പം ജോലി ചെയ്തിരുന്ന മൂന്നുപേര്‍ പൊലീസിന്റെ പിടിയിലായി.

മുളന്തുരുത്തിക്ക് സമീപത്തെ പാടശേഖരത്തിലെ ഷെഡ്ഡില്‍ വെച്ചാണ് കൊലപാതകം നടക്കുന്നത്. പ്രതികള്‍ മൂവരും ചേര്‍ന്ന് മദ്യപിക്കുന്നതിനിടെ മുജീബ് അവിടെയെത്തുകയായിരുന്നു. പിന്നീട് തര്‍ക്കമുണ്ടായി. ഇതേത്തുടര്‍ന്ന് കയ്യിലുണ്ടായിരുന്ന വാക്കത്തി കൊണ്ട് അടിച്ചു. തലയ്ക്ക് അടിയേറ്റ മുജീബ് അവിടെ വീണു.വീണുകിടന്ന മുജീബിനെ അവിടെ ഉപേക്ഷിച്ച് മൂവരും സ്ഥലത്തു നിന്നും കടന്നു കളയുകയായിരുന്നു. പിന്നീട് സമീപവാസികളാണ് മരിച്ചു കിടക്കുന്ന മുജീബിനെ കണ്ടെത്തുന്നത്. തുടര്‍ന്ന് മുളന്തുരുത്തി പൊലീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൂന്നുപേരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്.

നേരത്തെയുണ്ടായ തര്‍ക്കത്തിന്റെ പേരില്‍ മുജീബ് വന്ന് പ്രകോപനമുണ്ടായപ്പോള്‍ സംഭവിച്ചുപോയതാണെന്നാണ് ആദ്യം ഇവര്‍ പൊലീസിനോട് പറഞ്ഞത്. എന്നാല്‍ മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കമാണോ കൊലപാതക കാരണം എന്നതില്‍ വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് സൂചിപ്പിച്ചു. മരിച്ച മുജീബിന്റെ മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.