Kerala

മരം മുറിച്ചപ്പോൾ പക്ഷിക്കുഞ്ഞുങ്ങൾ ചത്ത സംഭവം: 3 പേർക്കെതിരെ കേസ്

പാലക്കാട് ∙ ഒലവക്കോട് ജംക്‌ഷൻ ബസ് സ്റ്റോപ്പിനു സമീപത്തെ ആൽമരത്തിന്റെ കൊമ്പുകൾ മുറിച്ചപ്പോൾ പക്ഷിക്കുഞ്ഞുങ്ങൾ താഴെ വീണു ചത്ത സംഭവത്തിൽ മൂന്നു പേർക്കെതിരെ വനംവകുപ്പ് കേസെടുത്തു. വന്യജീവി സംരക്ഷണ നിയമപ്രകാരമാണു മൂന്നു തൊഴിലാളികൾക്കെതിരെ കേസ്.

വനംവകുപ്പിന്റെ ഷെഡ്യൂൾ –4 വിഭാഗത്തിൽപെടുന്ന മൂന്നു നീർക്കാക്കക്കുഞ്ഞുങ്ങളും 8 കൊക്കിൻ കുഞ്ഞുങ്ങളുമാണു ചത്തത്. 12 നീർക്കാക്കക്കുഞ്ഞുങ്ങളെയും 10 കൊക്കിൻകുഞ്ഞുങ്ങളെയും വനംവകുപ്പ് ഉദ്യോഗസ്ഥർ രക്ഷിച്ചു. മരം മുറിക്കാൻ ഏൽപിച്ചവർക്കെതിരെയും കേസെടുക്കുമെന്നു വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. കഴിഞ്ഞ ദിവസം രാവിലെയാണു പാലക്കാട് ജംക്‌ഷൻ റെയിൽവേ സ്റ്റേഷനു സമീപത്തെ ബസ് സ്റ്റാൻഡിനോടു ചേർന്നുള്ള മരത്തിന്റെ കൊമ്പുകൾ മുറിച്ചത്. ഇതിനിടെ മരത്തിലുണ്ടായിരുന്ന പക്ഷിക്കൂട് തകർന്നുവീഴുകയായിരുന്നു.

മുറിക്കാൻ അനുമതി ലഭിച്ച മരമോ കൊമ്പുകളോ ആണെങ്കിലും പക്ഷിക്കൂടും കുഞ്ഞുങ്ങളും ഉണ്ടെങ്കിൽ അവ ഒഴിഞ്ഞു പോകുന്നതുവരെ മുറിക്കാൻ പാടില്ലെന്നാണു സോഷ്യൽ ഫോറസ്ട്രി വിഭാഗത്തിന്റെ ഉത്തരവ്. മരവും കൊമ്പുകളും മുറിച്ചുനീക്കാൻ ട്രീ കമ്മിറ്റിയുടെ അനുമതി വേണം. അതേസമയം, പ്രദേശത്തു കൊക്കുകളുടെ ശല്യം രൂക്ഷമാണെന്നും അപകടകരമായി നിന്ന മരക്കൊമ്പുകളാണു മുറിച്ചു നീക്കിയതെന്നും പ്രദേശത്തെ കച്ചവടക്കാർ പറഞ്ഞു. കൊക്കുകളുടെ ശല്യത്തിനെതിരെ നഗരസഭയിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നും നാട്ടുകാർ പറഞ്ഞു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.