Listen live radio

ലോക്ക് ഡൗൺ കാലത്ത് ഹയർ സെക്കണ്ടറി മൂല്യനിർണ്ണയം പാടില്ല : എച്ച് എസ് എസ് ടി എ

after post image
0

- Advertisement -

കോവിഡ് രോഗ പശ്ചാത്തലത്തിൽ രാജ്യമാകമാനം ലോക്ക് ഡൗൺ നിലനിൽക്കെ ഹയർ സെക്കണ്ടറി മൂല്യനിർണ്ണയം ധൃതി പിടിച്ചു നടത്തേണ്ടതില്ലെന്ന് ഹയർ സെക്കണ്ടറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന സമിതി. ലോക്ക് ഡൗൺ തീരുന്നതിനു മുമ്പായി മെയ് 13 മുതൽ മുഴുവൻ അധ്യാപകരും മൂല്യനിർണ്ണയത്തിനെത്തണമെന്നാണ് പുതിയ സർക്കാർ ഉത്തരവ്.
നിലവിലെ സാഹചര്യത്തിൽ ഓരോ മൂല്യനിർണ്ണയ കേന്ദ്രത്തിലും ശരാശരി നാനൂറ് അധ്യാപകർ ഒത്തുകൂടേണ്ടി വരും. ഇത്രയും പേർ ഒരുമിച്ചു വരുമ്പോൾ, കൂടിച്ചേരൽ ഒഴിവാക്കി വ്യക്തിപരമായ അകലം പാലിച്ച് മൂല്യനിർണ്ണയം നടത്താനുള്ള സൗകര്യം ഒരു കേന്ദ്രത്തിലും ഇപ്പോൾ നിലവിലില്ല. ഇത് രോഗവ്യാപനത്തിന്റെ സാധ്യത വർധിപ്പിക്കും. ലോക്ക് ഡൗണിൽ പൊതുഗതാഗത മാർഗ്ഗമില്ലാത്തത് അധ്യാപകർക്ക് ജില്ലാ ആസ്ഥാനത്തെയും മറ്റും മൂല്യനിർണ്ണയ കേന്ദ്രങ്ങളിലെത്തുകയെന്നത് ഏറെ ദുഷ്ക്കരമാവും.
ഹയർ സെക്കണ്ടറിയിലെ മുക്കാൽ പങ്കും അധ്യാപികമാരാണെന്നത് സ്ഥിതി കൂടുതൽ വഷളാക്കും . പലർക്കും മൂല്യനിർണ്ണയ കേന്ദ്രത്തിലെത്താൻ 40 മുതൽ 80 കിലോമീറ്റർ വരെ സഞ്ചരിക്കേണ്ട അവസ്ഥയുള്ളതിനാൽ ഹാജർനില വളരെ കുറവായി മൂല്യനിർണ്ണയം പ്രഹസനമായി മാറും. ഇത് തുടർന്ന് മൂല്യനിർണ്ണയം അനന്തമായി നീളുന്നതിനും കാരണമാവും. പ്ലസ് ടു വിദ്യാർത്ഥികൾ ഹാജരാവേണ്ട ദേശീയ തലത്തിലെ പ്രവേശന പരീക്ഷകൾ ജൂലൈ അവസാന വാരത്തിലും ഡിഗ്രി പ്രവേശന നടപടികൾ സെപ്റ്റംബർ മാസത്തിലും മാത്രം നടക്കാനിരിക്കെ, ലോക്ക് ഡൗൺ സമയത്തു തന്നെ തിരക്കുപിടിച്ച് ഹയർ സെക്കണ്ടറി മൂല്യനിർണ്ണയം നടത്തേണ്ട അടിയന്തിരഘട്ടം നിലവിലില്ലെന്ന് എച്ച് എസ് എസ് ടി എ നേതാക്കൾ പറഞ്ഞു. ദേശീയ തലത്തിലെ മത്സര പരീക്ഷകൾക്ക് കേരളത്തിലെ ഹയർ സെക്കണ്ടറി വിദ്യാർത്ഥികളോടൊപ്പം പങ്കെടുക്കേണ്ട സി ബി എസ് ഇ വിദ്യാർത്ഥികളുടെ പന്ത്രണ്ടാം ക്ലാസ് പരീക്ഷ പോലും ജൂലൈ മാസത്തിലേ നടക്കൂ എന്ന് കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിട്ടുണ്ട്. പല മൂല്യനിർണ്ണയ കേന്ദ്രങ്ങളും റെഡ് സോണിലും ഹോട്ട് സ്പ്പോട്ട് പരിധിക്കുള്ളിലുമാണെന്നത് മൂല്യനിർണ്ണയ ജോലികളിൽ ഏറെ ബുദ്ധിമുട്ടുണ്ടാക്കും.
രോഗവ്യാപന ഭീഷണി ഒഴിവാകാത്ത സാഹചര്യത്തിൽ അപകടകരമായ അവസ്ഥയാകും മൂല്യനിർണ്ണയ കേന്ദ്രങ്ങളിലുണ്ടാവുക.ഹയർ സെക്കണ്ടറിയിൽ ഒന്നും രണ്ടും വർഷ പരീക്ഷകൾ ഇനിയും നടക്കാനുണ്ടെന്നിരിക്കെ ലോക്ക് ഡൗൺ തീരുന്നതിനു മുൻപേ നിബന്ധനകൾ പാലിക്കാതെയുള്ള മൂല്യനിർണ്ണയം അപകടം വിളിച്ചു വരുത്തും. വിദ്യാഭ്യാസ ജില്ലകൾ കേന്ദ്രീകരിച്ച് കൂടുതൽ മൂല്യനിർണയ കേന്ദ്രങ്ങൾ ക്രമീകരിച്ചും , അധ്യാപകർ അമിതമായി കൂട്ടം ചേരുന്ന സാഹചര്യം ഒഴിവാക്കിയും, ഗതാഗത സംവിധാനം ലഭ്യമാക്കിയും, ലോക്ക് ഡൗൺ കാലത്തിനു ശേഷം മൂല്യനിർണ്ണയം ആരംഭിക്കുന്ന തരത്തിൽ നടപടികളുണ്ടാവണം.
ഹയർ സെക്കണ്ടറി പ്രവേശനത്തിന് ഫലം ലഭ്യമാകേണ്ട എസ് എസ് എൽ സി മൂല്യനിർണ്ണയം വരെ മാറ്റി വച്ച സ്ഥിതിക്ക് ഹയർ സെക്കണ്ടറി മൂല്യനിർണ്ണയം ധൃതി പിടിച്ച് ലോക്ക് ഡൗൺ സമയത്തു തന്നെ നടത്താനുള്ള നീക്കത്തിൽ നിന്നും വിദ്യാഭ്യാസ വകുപ്പ് പിൻമാറണം.ഹയർ സെക്കണ്ടറിയുമായി ബന്ധപ്പെട്ട അക്കാദമിക കാര്യങ്ങളിൽ തീരുമാനങ്ങളെടുക്കുന്ന യോഗങ്ങളിൽ ഹയർ സെക്കണ്ടറി മേഖലയിലെ അംഗീകൃത അധ്യാപക സംഘടനകളെ മാറ്റിനിർത്തുന്ന ജനാധിപത്യവിരുദ്ധ പ്രവണതയാണ് ഇത്തരം തെറ്റായ തീരുമാനങ്ങൾക്ക് കാരണമാവുന്നതെന്നും ഇത്തരം മാറ്റിനിർത്തൽ അവസാനിപ്പിച്ച് ചർച്ചകൾ കൂടുതൽ കാര്യക്ഷമമാക്കി വീഴ്ചകൾ ഒഴിവാക്കണമെന്നും എച്ച് എസ് എസ് ടി എ സംസ്ഥാന നേതാക്കളായ ആർ രാജീവൻ , അനിൽ എം ജോർജ് ,എം സന്തോഷ് കുമാർ എന്നിവർ ആവശ്യപ്പെട്ടു.

Leave A Reply

Your email address will not be published.