Listen live radio

പാസ് നിര്‍ബ്ബന്ധമാക്കുന്നത് ആരോഗ്യ സുരക്ഷയ്ക്ക് വേണ്ടി

after post image
0

- Advertisement -

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് അംഗീകൃത പാസ് നിര്‍ബ്ബന്ധമാക്കുന്നത് വ്യക്തികളുടെയും നാടിന്റേയും ആരോഗ്യ സുരക്ഷിതത്വത്തിന് വേണ്ടിയും രോഗ വ്യാപനം തടയുന്നതിനും വേണ്ടിയാണെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. തിരികെയെത്തുന്നവരില്‍ വിവിധ സംസ്ഥാനങ്ങളിലെ ഹോട്ട്‌സ്‌പോട്ടില്‍ നിന്നുള്ളവരും ഉണ്ടാകാം. ഇവര്‍ ക്വാറന്റൈനില്‍ കഴിയാതെ നാട്ടില്‍ ഇറങ്ങി നടക്കുന്ന സാഹചര്യമുണ്ടായാല്‍ രോഗവ്യാപനത്തിന് ഇടയാകും. ഇത് ഒഴിവാക്കുന്നതിനായി വ്യക്തിവിവരങ്ങള്‍ ശേഖരിച്ച് അവരവരുടെ ജില്ലയിലോ പഞ്ചായത്തുകളിലോ ക്വാറന്റൈനില്‍ താമസിപ്പിക്കുന്നതിനാണ് രജിസ്‌ട്രേഷനും പാസും നിര്‍ബ്ബന്ധമാക്കുന്നത്.
പാസ്സ് ആവശ്യമുള്ള വ്യക്തി വെബ്‌സൈറ്റ് വഴി അപേക്ഷ സമര്‍പ്പിച്ചാല്‍ അവരുടെ ജില്ലാ അധികാരികള്‍ക്ക് അവ ലഭിക്കും. അപേക്ഷ വ്യക്തി താമസിക്കുന്ന ഗ്രാമ പഞ്ചായത്തിനോ മുനിസിപ്പാലിറ്റിക്കോ കൈമാറുന്നു. ഇത് അതാത് വാര്‍ഡിലെ മെമ്പര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ആശ വര്‍ക്കര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന ജാഗ്രതാ സമിതി പരിഗണിക്കുന്നു. വരുന്ന വ്യക്തിയുടെ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നതിനുള്ള സൗകര്യവും ബാത്‌റൂം സൗകര്യമുള്ള മുറി, കൂടുതല്‍ കരുതല്‍ വേണ്ട രോഗികള്‍ എന്നിവയുണ്ടോ എന്ന് അന്വേഷിച്ചറിയും. വീട്ടില്‍ അസൗകര്യങ്ങള്‍ ഉണ്ടെങ്കില്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈന്‍ സെന്ററിന്റെ പേര് നിര്‍ദ്ദേശിക്കും. വീട് സൗകര്യപ്രദമാണെങ്കില്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാം. ഇത്തരം കാര്യങ്ങള്‍ ഉറപ്പാക്കിയ ശേഷമാണ് വ്യക്തിക്ക് പാസ് അനുവദിക്കുന്നത്. ഓരോ പഞ്ചായത്തിലും തിരിച്ചെത്തുന്നവരുടെ സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നതിനായി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വ്യക്തിവിവരങ്ങള്‍ ലഭ്യമാക്കേണ്ടതുണ്ടെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി.

Leave A Reply

Your email address will not be published.