മാനന്തവാടി: വയനാട് ജില്ലയിലെ എയ്ഡഡ് സ്‌കൂളിലെ സ്ഥലംമാറ്റം സ്പാര്‍ക്കില്‍ ക്രമീകരിക്കാത്തതിനാല്‍ ഒരാഴ്ചയായിട്ടും എയ്ഡഡ് സ്‌കൂള്‍ അധ്യാപകരുടെ ശമ്പളം മുടങ്ങിയത് അടിയന്തരമായി പരിഹരിക്കമെന്ന് കെ യു ടി എ ആവശ്യപ്പെട്ടു. ജില്ല വിദ്യാഭ്യാസ ഓഫീസിലെ പേഴ്‌സണല്‍ അസിസ്റ്റന്റ് ലീവെടുത്തതാണ് പ്രശ്‌നത്തിന് കാരണം. ജീവനക്കാരുടെ ശമ്പള പരിഷ്‌കരണ ബില്ലുകളും, പി എഫ് വായ്പകളും പാസാക്കാന്‍ കഴിയാത്തതിനാല്‍ നിരവധി അധ്യാപകരാണ് പ്രയാസപ്പെടുന്നത്.
സര്‍ക്കാര്‍ ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകള്‍ ക്രമീകരിക്കുന്ന സ്പാര്‍ക്ക് സോഫ്റ്റ്‌വെയറിന്റെ കണ്‍ട്രോളിംഗ് ഓഫീസറായി എയ്ഡഡ് സ്‌കൂളിലെ പ്രധാന അധ്യാപകരെ ഉയര്‍ത്തിയാല്‍ പ്രശ്‌ന പരിഹാരം ഉണ്ടാവുമെന്ന ആവശ്യമാണ് ഉയരുന്നത്. സര്‍ക്കാര്‍ സ്‌കൂളുകളിലെ പ്രധാന അധ്യാപകര്‍ക്ക് സ്പാര്‍ക്കില്‍ നല്‍കിയിട്ടുള്ള എല്ലാ അവകാശങ്ങളും എയ്ഡഡ് മേഖലയിലെ പ്രധാന അധ്യാപകര്‍ക്കും നല്‍കണമെന്ന് സംഘടന ആവശ്യപ്പെട്ടു. കെ യു ടി എ സംസ്ഥാന വൈസ് പ്രസിഡണ്ട് നജീബ് മണ്ണാര്‍, ജില്ലാ ഭാരവാഹികളായ അബ്ബാസ് അലി പി, മമ്മൂട്ടി നിസാമി, ജെന്‍സി രവീന്ദ്രന്‍, ആശാ ബേബി, മജീദ് പി പി, ജുഫൈല്‍ ഹസന്‍, തുടങ്ങിയവര്‍ സംസാരിച്ചു