വയനാട് കോൺഗ്രസിൽ തമ്മിൽത്തല്ല്. ഡിസിസി പ്രസിഡന്റ് എൻ ഡി അപ്പച്ചനെ പാർടി പരിപാടിക്കിടെ ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ മർദ്ദിച്ചു. വയനാട് മുള്ളൻകൊല്ലി കോൺഗ്രസ് മണ്ഡലം കമ്മറ്റി വികസന സെമിനാറിലാണ് കയ്യാങ്കളിയുണ്ടായത്. എൻ ഡി അപ്പച്ചനുമായി ഒരു വിഭാഗം പ്രാദേശിക നേതാക്കൾ വാക്കേറ്റം നടത്തുകയായിരുന്നു. തുടർന്നാണ് മർദ്ദിച്ചത്.
മണ്ഡലം പ്രസിഡൻ്റ് സ്ഥാനത്തെ ചൊല്ലിയുള്ള തർക്കമാണ് കയ്യാങ്കളിയിൽ കലാശിച്ചത്. എൻ ഡി അപ്പച്ചന്റെ വിശ്വസ്‌തനെയാണ് മണ്ഡലം പ്രസിഡന്റായി നിയമിച്ചിരുന്നത്. ഇതിൽ ഐ സി ബാലകൃഷ്ണൽ ഗ്രൂപ്പിനും പൗലോസ് ഗ്രൂപ്പിനും എതിർപ്പുണ്ടായിരുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ മണ്ഡലം പ്രസിഡൻ്റിനെ മാറ്റണമെന്ന ആവശ്യമുയർന്നത്. തുടർന്നുള്ള തർക്കമാണ് കയ്യാങ്കളിയിലെത്തിയത്.
മർദ്ദനത്തിനിടെ അപ്പച്ചൻ നിലത്തുവീണു. തുടർന്ന് മറ്റ് നേതാക്കൾ ഇടപെട്ട് കോൺഗ്രസ് പ്രവർത്തകരെ പിടിച്ചുമാറ്റുകയായിരുന്നു. സംഘർഷത്തെ തുടർന്ന് സെമിനാർ നടത്താനായില്ല. മുള്ളൻകൊല്ലി മണ്ഡലം കമ്മറ്റിയിൽ സംഘടനാ തർക്കം രൂക്ഷമാണ്. ഇതിനിടയിലാണ് ഡിസിസി പ്രസിഡന്റിനെ കോൺഗ്രസ് പ്രവർത്തകർ തന്നെ മർദ്ദിച്ചത്.