അമ്പലവയൽ: സ്വന്തം കൃഷിഭൂമിയിലെ ഈട്ടിമരങ്ങൾ മുറിക്കുന്നതിനും വളർത്തുന്നതിനും കർഷകർക്ക് അനുമതി നൽകണമെന്ന് കേരള കർഷക സംഘം അമ്പലവയൽ വില്ലേജ് സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. നിലവിലെ നിയമപ്രകാരം കൃഷിഭൂമിയിലുള്ള ഈട്ടിമരങ്ങൾ മുറിക്കാൻ കർഷകർക്ക് അനുവാദമില്ലാത്തതിനാൽ അവ നശിച്ചുപോകുന്ന അവസ്ഥയാണെന്നും, ഈ വിഷയത്തിൽ സർക്കാർ കർഷകർക്ക് അനുകൂലമായ നടപടി സ്വീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
കേന്ദ്രസർക്കാർ കഴിഞ്ഞ രണ്ട് വർഷത്തിനിടെ 84,000 കോടി രൂപയുടെ വളം സബ്സിഡി വെട്ടിക്കുറച്ചത് കർഷകരോടുള്ള ദ്രോഹകരമായ നടപടിയാണെന്നും ഇതിൽനിന്ന് കേന്ദ്രം പിന്മാറണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. കർഷകസംഘം ജില്ലാ കമ്മിറ്റിയംഗവും മീനങ്ങാടി ഏരിയ പ്രസിഡന്റുമായ സി അസൈനാർ സമ്മേളനം ഉദ്‌ഘാടനം ചെയ്തു.
വില്ലേജ് കമ്മിറ്റി പ്രസിഡന്റ് എൻ കെ ജോർജ്ജ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. വില്ലേജ് സെക്രട്ടറി എം യു പൈലിക്കുഞ്ഞ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. മീനങ്ങാടി ഏരിയ സെക്രട്ടറി ടി ടി സ്കറിയ സംഘടനാ രേഖ അവതരിപ്പിച്ചു. റിപ്പോർട്ടിന്മേലുള്ള വിശദമായ ചർച്ചകൾക്കും മറുപടികൾക്കും ശേഷം 21 അംഗ വില്ലേജ് കമ്മിറ്റിയെയും ഏരിയ സമ്മേളന പ്രതിനിധികളെയും ഐക്യകണ്ഠേന തിരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി എൻ കെ ജോർജ്ജ് മാസ്റ്ററെ (പ്രസിഡന്റ്), എം യു പൈലിക്കുഞ്ഞിനെ (സെക്രട്ടറി), എൻ സി കുര്യാക്കോസിനെ (ട്രഷറർ) എന്നിവരെയും പി യു സെബാസ്റ്റ്യൻ, ഗ്ലാഡിസ് സ്കറിയ എന്നിവരെ വൈസ് പ്രസിഡന്റുമാരായും അഡ്വ. സരുൺ മാണി, ഷിനോജ് എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും തിരഞ്ഞെടുത്തു.