Wayanad

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍ ദുരന്തം :എൻറോള്‍മെന്റ് ക്യാമ്പിൽ 340 ഗുണഭോക്താക്കൾ വിവരങ്ങൾ കൈമാറി

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍ ദുരന്തം നേരിട്ട കുടുംബങ്ങള്‍ക്കായി സംഘടിപ്പിച്ച ഡാറ്റ എൻറോള്‍മെന്റ് ക്യാമ്പിൽ 340 ഗുണഭോക്താക്കൾ വിവരങ്ങൾ കൈമാറി. ജൂലൈ 11 മുതൽ മൂന്ന് ദിവസങ്ങളിലായി നടത്തിയ ക്യാമ്പിൽ മേപ്പാടി ഗ്രാമപഞ്ചായത്തിലെ 10, 11, 12 വാര്‍ഡുകളിലെ ഒന്നാംഘട്ട, രണ്ടാംഘട്ട-എ, രണ്ടാംഘട്ട-ബി പട്ടികകളില്‍ ഉള്‍പ്പെട്ട കുടുംബങ്ങള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് ലഭ്യമാക്കാനാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

മുണ്ടക്കൈ, ചൂരൽമല പ്രദേശത്ത് സ്ഥിരതാമസമുള്ളവരും ദുരന്തം നേരിട്ട് ബാധിച്ചതുമായ 402 കുടുംബങ്ങൾക്കാണ് ആദ്യഘട്ടത്തിൽ തിരിച്ചറിയൽ കാർഡുകൾ ലഭ്യമാകുക. ഡാറ്റ എൻറോൾമെന്റ് ക്യാമ്പിന്റെ ആദ്യ ദിനത്തിൽ 85 ഗുണഭോക്താക്കാളും, രണ്ടാം ദിനം 131 ഗുണഭോക്താക്കാളും അവസാന ദിവസം 120 ഗുണഭോക്താക്കളുമാണ് വിവരങ്ങൾ കൈമാറിയത്. ഇതോടെ ആകെ 340 ഗുണഭോക്താക്കൾ ക്യാമ്പിലൂടെ വിവരങ്ങൾ കൈമാറി.ഡാറ്റാ എൻറോൾമെന്റ് പൂർത്തീകരണത്തിന് ശേഷം വിശദ പരിശോധന നടത്തിയതിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും ഗുണഭോക്താകൾക്ക് കാർഡുകൾ ലഭ്യമാകുക.

അതിജീവിതരുടെ വ്യക്തിഗത രേഖകൾ പരിശോധിക്കലും ഐഡി കാർഡിനായുള്ള ഫോട്ടോ രേഖപ്പെടുത്തലുമാണ് ക്യാമ്പിൽ നടന്നത്. സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പ്, റവന്യു വകുപ്പ്, കുടുംബശ്രീ മെന്റർമാർ, മേപ്പാടി ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥർ എന്നിവർ സ്ഥിരീകരണ നടപടിക്രമങ്ങൾ പരിശോധിച്ച ശേഷം കളക്ടറേറ്റിലെ എപിജെ ഹാളിൽ സജ്ജീകരിച്ച 10 ഓളം അക്ഷയ സെന്ററുകൾ മുഖാന്തരമാണ് ഗുണഭോക്താക്കളുടെ ഫോട്ടോയും ഡാറ്റ എൻട്രിയും ശേഖരിച്ചത്.

വിവരങ്ങൾ കൈമാറിയ കുടുംബങ്ങൾക്ക് ജൂലൈ 25 നകം തിരിച്ചറിയൽ കാർഡ് നൽകും. ഇതിൽ ജില്ലാ ഭരണ കൂടത്തിന്റെ സാക്ഷ്യപ്പെടുത്തൽ, ക്യു ആർ കോഡ്, ഫാമിലി ഐഡി, കുടുംബാംഗങ്ങളുടെ വിവരങ്ങൾ തുടങ്ങിയവ രേഖപ്പെടുത്തും. ഒരു കുടുംബത്തിന് ഒരു കാർഡ് ആണ് നൽകുക. കാർഡിൽ അർഹരായ കുടുംബാംഗങ്ങളുടെ ഫോട്ടോ, വ്യക്തിഗത വിവരങ്ങൾ എന്നിവ കൃത്യമായി രേഖപ്പെടുത്തും.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.