Wayanad

‘പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യണം; മാനേജ്‌മെന്റ് നടപടി എടുത്തില്ലെങ്കില്‍ സര്‍ക്കാര്‍ എടുക്കും’

തിരുവനന്തപുരം∙ കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ വിദ്യാര്‍ഥി ഷോക്കേറ്റു മരിച്ച സംഭവത്തില്‍ പ്രധാനാധ്യാപികയെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് മാനേജ്‌മെന്റിനോടു നിര്‍ദേശിച്ച് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. മാനേജ്‌മെന്റ് നടപടി എടുത്തില്ലെങ്കില്‍ സര്‍ക്കാര്‍ നടപടി എടുക്കും. വിഷയത്തെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് ലഭിച്ചു. സ്‌കൂള്‍ മാനേജ്‌മെന്റിന് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കുമെന്നും മന്ത്രി പറഞ്ഞു. മൂന്നു ദിവസത്തിനകം സ്കൂൾ മറുപടി നൽകണം. സ്‌കൂളിന്റെ ചുമതലയുണ്ടായിരുന്ന കൊല്ലം എഇഒ ആന്റണി പീറ്ററിനോട് വിശദീകരണം തേടുമെന്നും മന്ത്രി അറിയിച്ചു.

സ്‌കൂള്‍ മാനേജ്‌മെന്റിന് എതിരെ നടപടി എടുക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പിന് അധികാരമുണ്ട്. ആവശ്യമെങ്കില്‍ സ്‌കൂള്‍ തന്നെ സര്‍ക്കാരിന് ഏറ്റെടുക്കാം. വീഴ്ച ഉണ്ടെന്നു കണ്ടാല്‍ നോട്ടിസ് നല്‍കി പുതിയ മാനേജരെ നിയമിക്കാം. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ സ്‌കൂളിന്റെ അംഗീകാരം തിരിച്ചെടുക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.

മരിച്ച മിഥുന്റെ കുടുംബത്തിന് സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് മുഖേന വീടു നിര്‍മിച്ചു നല്‍കും. ഇളയ കുട്ടിയുടെ പന്ത്രണ്ടാം ക്ലാസ് വരെയുള്ള ഫീസ് ഉള്‍പ്പെടെ ഒഴിവാക്കി ഉത്തരവിറക്കും. മിഥുന്റെ കുടുംബത്തിന് വിദ്യാഭ്യാസവകുപ്പ് മൂന്നു ലക്ഷം രൂപ സഹായം നല്‍കും. മുഖ്യമന്ത്രി എത്തിയ ശേഷം തുടര്‍സഹായം സംബന്ധിച്ച് ചര്‍ച്ച നടത്തും. സ്‌കൂളിന്റെ പിടിഎ പുനഃസംഘടിപ്പിക്കണം. ഇക്കര്യത്തില്‍ തദ്ദേശവകുപ്പിന്റെ നിലപാട് അറിയാന്‍ തദ്ദേശവകുപ്പ് മന്ത്രിയുമായി ബന്ധപ്പെടും. സ്‌കൂള്‍ നടത്തിപ്പിന്റെ മേല്‍നോട്ടം തദ്ദേശവകുപ്പിനാണെന്നും മന്ത്രി പറഞ്ഞു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.