Wayanad

ദുരന്തബാധിത പ്രദേശങ്ങളിലെ ഉന്നതിക്കാര്‍ക്ക് സ്വപ്ന ഭവനങ്ങള്‍ ഒരുക്കും

മേപ്പാടി: മുണ്ടക്കൈ ചൂരല്‍മല ദുരന്തബാധിത പ്രദേശങ്ങളിലെ ഉന്നതിക്കാര്‍ക്ക് വെള്ളരിമല പുതിയവില്ലേജ് പരിസരത്ത് സ്വപ്ന ഭവനങ്ങള്‍ ഒരുക്കും.മേപ്പാടി ഗ്രാമപഞ്ചായത്തിലെ വെള്ളരിമല വില്ലേജില്‍ സര്‍വ്വെ നമ്പര്‍ 126 ല്‍ ഉള്‍പ്പെട്ട ഭൂമിയിലാണ് സര്‍ക്കാര്‍ പുനരധിവാസം സാധ്യമാക്കുന്നത്. വനം വകുപ്പ് നിക്ഷിപ്ത വന ഭൂമിയായി ഏറ്റെടുത്ത പുതിയ വില്ലേജ് പരിസരത്തെ അഞ്ച് ഹെക്ടറിലാണ് ഉന്നതികാര്‍ക്ക് വീട് നിര്‍മിക്കുക. പുഞ്ചിരിമട്ടം, ഏറാട്ടുകുണ്ട്, പുതിയ വില്ലേജ് ഉന്നതികളിലെ 13 കുടുംബങ്ങളെയാണ് ഈ വീടുകളില്‍ പുനരധിവസിപ്പിക്കുക. ഓരോ കുടുംബത്തിനും 10 സെന്റ് വീതമാണ് നല്‍കുക.

പുഞ്ചിരിമട്ടം ഉന്നതിയിലെ അഞ്ചു കുടുംബങ്ങളിലെ 16 അംഗങ്ങളും ഏറാട്ടുകുണ്ട് ഉന്നതിയിലെ അഞ്ച് കുടുംബങ്ങളിലെ 32 പേരും പുതിയ വില്ലേജിലെ മൂന്ന് കുടുംബങ്ങളിലെ 9 അംഗങ്ങളുമാണ് സെറ്റില്‍മെന്റിന്റെ ഭാഗമാകുന്നത്. പുഞ്ചിരിമട്ടം, പുതിയ വില്ലേജ് ഉന്നതികളിലെ ഏട്ട് കുടുംബങ്ങള്‍ സര്‍ക്കാറിന്റെ ബി2 പട്ടികയില്‍ ഉള്‍പ്പെട്ടവരാണ്. ദുരന്തമേഖലയില്‍ ഭൗമശാസ്ത്രജ്ഞന്‍ ജോണ്‍ മത്തായി നടത്തിയ പഠന റിപ്പോര്‍ട്ട് പ്രകാരം നിലവില്‍ ഉന്നതിക്കാര്‍ താമസിക്കുന്നത് വാസയോഗ്യമായ പ്രദേശങ്ങളിലാണ്. എന്നാല്‍ ദൈനംദിന ആവശ്യങ്ങള്‍ക്കായി നോ ഗോ സോണിലൂടെ മാത്രം സഞ്ചാരപാതയുള്ളതിനാലാണ് ഉന്നതിക്കാരെ സര്‍ക്കാര്‍ പുനരധിവസിപ്പിക്കുന്നത്.

ഏറാട്ടുകുണ്ട് ഉന്നതിയില്‍ താമസിക്കുന്ന അഞ്ചു കുടുംബങ്ങള്‍ റെഡ് സോണ്‍ മേഖലയില്‍ ഉള്‍പ്പെടുകയും മാറി വരുന്ന കാലവര്‍ഷങ്ങളില്‍ താത്ക്കാലികമായി മാറ്റി താമസിപ്പിക്കേണ്ട സാഹചര്യവുമുള്ളതിനാല്‍ ദുരന്തനിവാരണ അതോറിറ്റിയുടെ പ്രത്യേക ഉത്തരവ് പ്രകാരം സര്‍ക്കാറിന്റെ അനുമതിയോടെയാണ് പുനരധിവാസത്തിലേക്ക് ഉള്‍പ്പെടുത്തിയത്. ജില്ലാ ഭരണകൂടം, വനം വകുപ്പ്, ഊര് നിവാസികള്‍, പട്ടികവര്‍ഗ വികസന വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്ഥലം പരിശോധിച്ച് സര്‍വ്വെ പൂര്‍ത്തീകരിച്ച് ഭൂമിയുടെ അവകാശം റവന്യൂ വകുപ്പിന് കൈമാറിയിട്ടുണ്ട്. പുതിയ വില്ലേജില്‍ കണ്ടെത്തിയ ഭൂമിയില്‍ ഓരോ കുടുംബത്തിനും 10 സെന്റ് വീതം നല്‍കും.

സര്‍ക്കാര്‍ എല്‍സ്റ്റണ്‍ എസ്‌റ്റേറ്റില്‍ തയ്യാറാക്കുന്ന ടൗണ്‍ഷിപ്പില്‍ ഓരോ കുടുംബത്തിനും അനുവദിച്ച 1000 സ്വകയര്‍ ഫീറ്റ് വീട് മാതൃകയിലോ, ഉന്നതിക്കാരുടെ ആവാസവ്യവസ്ഥയ്ക്ക് അനുയോജ്യമാവുന്ന വിധമോ ഏതാണോ ഉചിതമെന്ന പരിഗണനയുടെ അടിസ്ഥാനത്തില്‍ എല്ലാ സൗകര്യങ്ങളോടെ നിര്‍മ്മാണം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യമെന്ന് ഐടിഡിപി ഓഫീസര്‍ ജി പ്രമോദ് പറഞ്ഞു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.