Listen live radio

പശ്ചിമഘട്ടത്തില്‍ മൂന്നു പുതിയ സസ്യ ഇനങ്ങള്‍ കണ്ടെത്തി

after post image
0

- Advertisement -

കല്‍പറ്റ-പശ്ചിമഘട്ടത്തില്‍ മൂന്നു സസ്യ ഇനങ്ങള്‍ കൂടി ഗവേഷകര്‍ കണ്ടെത്തി.ബൊട്ടാണിക്കല്‍ സര്‍േവ ഓഫ് ഇന്ത്യയിലെ ഗവേഷകരായ ഡോ.കെ.എ.സുജന, രാകേഷ് ജി. വാധ്യാര്‍ എന്നീ മലയാളികളടങ്ങുന്ന സംഘമാണ് പുതിയ സസ്യങ്ങള്‍ കണ്ടെത്തിയത്. രണ്ടു വര്‍ഷമായി സംഘം പശ്ചിമഘട്ടത്തിലെ സസ്യജാതികളെക്കുറിച്ചുള്ള ഗവേഷണത്തിലാണ്. യൂജിനിയ സ്ഫിയറോകാര്‍പ, ഗോണിയോതലാമസ് സെരിസിയസ്, മെമിസെയ്‌ലോണ്‍ നെര്‍വോസം എന്നിങ്ങനെയാണ് പുതിയ സസ്യങ്ങള്‍ക്കു പേരിട്ടത്.
യൂജിനിയ സ്ഫിയറോകാര്‍പ എന്ന ചെടി മിര്‍ട്ടേസിയ എന്ന സസ്യകുടുംബത്തില്‍പ്പെട്ടതാണ്. വലിയ മഞ്ഞനിറത്തിലുള്ള കായ്കള്‍ ഉള്ളതുകൊണ്ടാണ് ചെടിക്കു സ്ഫിയറോകാര്‍പ എന്നു പേരിട്ടത്. മലബാര്‍ വന്യജീവി സങ്കേതത്തില്‍ സമുദ്രനിരപ്പില്‍നിന്നു 800 മീറ്റര്‍ ഉയരത്തിലുള്ള പ്രദേശത്താണ് ചെടി കണ്ടെത്തിയത്. മിര്‍ട്ടേസിയ എന്ന സസ്യകുടുംബം അനേകം ഇനം ചെടികള്‍ അടങ്ങിയ അതിവിപുലമായ ഒന്നാണ്. ഇതില്‍ 26 ഇനങ്ങളാണ് ഇന്ത്യയില്‍ ഇതുവരെ കണ്ടെത്തിയത്. 19 ഇനം പശ്ചിമഘട്ടത്തില്‍ മാത്രം കാണുന്നവയാണ്. മിര്‍ട്ടേസിയ കുടുംബത്തിലെ പലയിനം ചെടികളുടെയും കായ്കള്‍ ഭക്ഷ്യയോഗ്യമാണ്.ചിലയിനങ്ങള്‍ കൃഷിചെയ്യുന്നുണ്ട്.
യൂജിനിയ സ്ഫിയറോകാര്‍പ

ആത്തച്ചക്കയുടെ കുടുംബത്തില്‍പ്പെട്ടതാണ് ഗോണിയോതലാമസ് സെരിസിയസ്.പശ്ചിമഘട്ടത്തിലെ കന്യാകുമാരി വന്യജീവി സങ്കേതത്തില്‍ സമുദ്രനിരപ്പില്‍നിന്നു 1,400 മീറ്റര്‍ ഉയരത്തിലുള്ള പ്രദേശത്താണ് ഈ ഇനം ചെടിയുടെ കൂട്ടം ഗവേഷകര്‍ക്ക് കണ്ടെത്താനായത്. സുഗന്ധമുള്ള പൂക്കള്‍ ഈ ഇനത്തിന്റെ പ്രത്യേകതയാണ്. ചെടിയില്‍ വലിപ്പമുള്ള കായ്കളും ഉണ്ടാകുന്നുണ്ട്.ഇതളുകളിലെ നീളമുള്ള രോമങ്ങളും ചെടിയുടെ സവിശേഷതയാണ്
കായാമ്പൂവിന്റെ കുടുംബമായ മേലാസ്റ്റമറ്റസിയയില്‍ ഉള്‍പ്പെടുന്നതാണ് മെമിസിലോണ്‍ നെര്‍വോസം.കന്യാകുമാരി വന്യജീവി സങ്കേതത്തില്‍ സമുദ്രനിരപ്പില്‍നിന്നു 700 മീറ്റര്‍ ഉയത്തിലാണ് ഈയിനം ചെടികള്‍ ഉള്ളത്. 350ലധികം ഇനങ്ങള്‍ ഉള്ള ഈ കുടുംബത്തിലെ 54 ഇനങ്ങളാണ് ഇന്ത്യയില്‍ ഇതുവരെ കണ്ടെത്തിയത്.ചെടിയുടെ പൂക്കള്‍ വളരെ സുന്ദരമാണ്. ഇലകളിലെ വ്യത്യസ്തമായ ഞരമ്പുകളാണ് ചെടിയെ നെര്‍വോസം എന്നു നാമകരണം ചെയ്യാന്‍ കാരണമായത്.

ഗോണിയോതലാമസ് സെരിസിയസ്


കണ്ടെത്തിയ പുതിയ ഇനം സസ്യങ്ങളെക്കുറിച്ചു കൂടുതല്‍ പഠനം നടത്തേണ്ടതുണ്ടെന്നു ഗവേഷക ഡോ.കെ.എ.സുജന പറഞ്ഞു. ഈ ചെടികള്‍ ഐ.യു.സി.എന്‍ നിയമാവലികള്‍ അനുസരിച്ചു വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്നവയാണെന്നു രാകേഷ് ജി.വാധ്യാര്‍ പറഞ്ഞു.അനേകം സസ്യങ്ങള്‍ ഇനിയും കണ്ടെത്തപ്പെടാതെ പശ്ചിമഘട്ടത്തില്‍ അവശേഷിച്ചുണ്ടാകുമെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു.

മെമിസെയ്‌ലോണ്‍ നെര്‍വോസം.

Leave A Reply

Your email address will not be published.