Listen live radio

ഡാം ഷട്ടര്‍ തുറക്കുന്നതിലെ ഏകോപനം: വയനാട്, മൈസൂര്‍ കലക്ടര്‍മാര്‍ ചര്‍ച്ച ചെയ്യും

after post image
0

- Advertisement -

മഴക്കാലത്ത് ജില്ലയില്‍ പ്രളയക്കെടുതികള്‍ ഒഴിവാക്കുന്നതിലേക്കായി മൈസൂര്‍ ബീച്ചനഹള്ളി ഡാം ഷട്ടറുകള്‍ തുറക്കുന്നതിലെ ഏകോപനത്തിനായി വയനാട്-മൈസൂര്‍ ജില്ലാ കളക്ടര്‍മാര്‍ സംയുക്ത യോഗം ചേരും. ജൂണ്‍ 1 ന് ബീച്ചനഹള്ളിയില്‍ വെച്ചാണ് യോഗം. ജില്ലാ കളക്ടര്‍മാര്‍ക്ക് പുറമെ ബാണാസുര, കാരാപ്പുഴ ഡാം അധികാരികളും റവന്യൂ, മൈനര്‍ ഇറിഗേഷന്‍ അധികൃതരും യോഗത്തില്‍ പങ്കെടുക്കും.
മഴക്കാലത്ത് ജില്ലയിലെ ഡാമുകളില്‍ ജലവിതാനം ക്രമീകരിക്കാന്‍ ഷട്ടറുകള്‍ തുറന്നു വിടേണ്ടതുണ്ട്. ജില്ലയില്‍ വിവിധ പ്രദേശങ്ങളില്‍ വെള്ളപ്പൊക്കം ഉണ്ടാകാന്‍ പലപ്പോഴും സാധ്യതയുള്ളതിനാല്‍ ഇതേ അവസരത്തില്‍ ബീച്ചനഹള്ളി ഡാമിലെ ഷട്ടറുകള്‍ തുറക്കുന്നതില്‍ സമയബന്ധിതമായ ഏകോപനം കൊണ്ടുവരികയാണ് ലക്ഷ്യം.
മഴക്കാലമുന്നൊരുക്കത്തിന്റെ ഭാഗമായി ജൂണ്‍ ഒന്നു മുതല്‍ ജില്ലയില്‍ മണ്ണെടുപ്പ് നിരോധിക്കാനും ജില്ലാ ദുരന്ത നിവാരണ സമിതി യോഗത്തില്‍ തീരുമാനമായി. വീട് നിര്‍മ്മാണത്തിന് നിലമൊരുക്കുന്നതിനുള്ള മണ്ണെടുപ്പും നിരോധിക്കും.
കഴിഞ്ഞ രണ്ട് പ്രളയ കാലങ്ങളില്‍ ജീവതം ദുരിതമായി മാറിയ പ്രദേശങ്ങളിലെ ആളുകളെ മാറ്റി പാര്‍പ്പിക്കുന്നതിന് ആവശ്യമായ കണക്കെടുപ്പ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നുണ്ട്. ബന്ധു വീടുകളിലേക്ക് മാറി താമസിക്കാന്‍ സന്നദ്ധതയുള്ളവരുടെ ലിസ്റ്റ് പ്രത്യേകം തയ്യാറാക്കും. പുഴകളിലെ നീരൊഴുക്ക് സുഗമ മാക്കുന്നതിനായി മണല്‍ നീക്കം ചെയ്യുന്ന നടപടികളും നടന്നുവരുന്നു. യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ള അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, ഡെപ്യൂട്ടി കളക്ടര്‍മാരായ കെ.അജീഷ്, ഇ.മുഹമ്മദ് യൂസഫ് എന്നിവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.