Listen live radio

‘വാക്‌സിൻ സ്വീകരിച്ചാൽ അശുദ്ധി, വൈകല്യം..’ മലാനക്കാരും ഒടുവിൽ വാക്‌സിനേറ്റഡ്!

after post image
0

- Advertisement -

ഷിംല: കാലങ്ങളായി പിന്തുടരുന്ന സംസ്‌കാരം മൂലം കോവിഡ് വാക്സിനേഷൻ മുടങ്ങിയ ഒരു ഇന്ത്യൻ ഗ്രാമമുണ്ട് ഹിമാചൽ പ്രദേശിൽ. മലാന. എന്നാൽ വാക്സിന്റെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞു ബോധ്യപ്പെടുത്തി സമ്പൂർണ വാക്സിനേഷനിലേക്ക് അടുക്കുകയാണ് ഇപ്പോൾ ഈ ഗ്രാമം. ഹിമാചൽ പ്രദേശിലെ കുളു ജില്ലയിലെ താഴ്വര ഗ്രാമമാണ് മലാന. ഏതാണ്ട് ആയിരത്തോളം പേർ ജീവിക്കുന്ന ഈ പ്രദേശത്ത് കോവിഡ് വാക്സിനേഷൻ പൂർത്തിയാക്കാൻ ആരോഗ്യപ്രവർത്തകർ പാടുപെടുകയായിരുന്നു.

ഈ പ്രദേശത്ത് കൃഷി ചെയ്യുന്ന കഞ്ചാവ് ചെടികളുടെ പേരിൽ, ഇവിടേക്കുള്ള സാഹസിക യാത്രയുടെ പേരിൽ, ഇവിടെയുള്ള കാഴ്ചകളുടെ പേരിൽ ഇന്ത്യൻ സഞ്ചാരികൾക്ക് എന്നും ഹരമായിരുന്നു മലാന. എന്നാൽ ഇത് തേടിയെത്തുന്ന സഞ്ചാരികളെ മലാനക്കാർ പലവിധ വിലക്കുകളാൽ തടഞ്ഞു. മലാനയിൽ പ്രവേശിക്കാമെങ്കിലും ഇവിടുള്ള കെട്ടിടങ്ങളിലോ സാധനങ്ങളിലോ സ്പർശിക്കാൻ സഞ്ചാരികൾക്ക് അനുവാദമില്ലായിരുന്നു.

ജംലു ദേവതയാണ് മലാനക്കാരുടെ ആരാധനാമൂർത്തി. ജംലു ദേവതയുടെ അനുഗ്രഹത്താൽ ഗ്രാമവാസികൾ എന്നും തങ്ങൾ പരിശുദ്ധരാണെന്ന് കരുതിവന്നു. പുറത്തുനിന്നൊരാൾ തങ്ങളെ സ്പർശിച്ചാലോ ഇടപഴകിയാലോ അശുദ്ധരായിപ്പോവുമെന്ന് അവർ വിശ്വസിച്ചു. വിലക്ക് മറികടന്ന് ഒരാൾ ഗ്രാമത്തിൽ കയറി അവിടെയുള്ള കെട്ടിടങ്ങളുടെ ചുമരിലോ സാധനങ്ങളിലോ സ്പർശിച്ചാലോ അവരിൽ നിന്ന് പിഴയീടാക്കുന്നാതായിരുന്നു മലാനയിലെ രീതി.

ഗ്രാമത്തിൽ റോഡ് നിർമാണം, സ്‌കൂൾ നിർമാണം തുടങ്ങിയ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ നടത്തുന്നതിന് പോലും ഗ്രാമവാസികൾ അവർ ആരാധിക്കുന്ന ജുംല ദേവതയുടെ അനുമതി തേടും. ഇത്തരമൊരു ജനവിഭാഗത്തെ കോവിഡിന്റെ ഗുരുതരാവസ്ഥ പറഞ്ഞു ബോധ്യപ്പെടുത്തി ഇവർക്ക് വാക്സിൻ വിതരണം ചെയ്യുക എന്നതായിരുന്നു ഇവിടത്തെ ആരോഗ്യപ്രവർത്തകരെ സംബന്ധിച്ച ഏറ്റവും വലിയ വെല്ലുവിളി. വാക്സിൻ സ്വീകരിച്ചാൽ നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായേക്കാമെന്ന തെറ്റിദ്ധാരണയും ഇവർക്ക് ഉണ്ടായിരുന്നു. എന്നാൽ ഇവരേയും പറഞ്ഞ് ബോധ്യപ്പെടുത്തി മലാനയിലും വാക്സിൻ വിതരണം ചെയ്യാൻ ആരംഭിച്ചിരിക്കുകയാണ് ഹിമാചലിലെ ആരോഗ്യപ്രവർത്തകർ.

ഗ്രാമത്തെ സംബന്ധിച്ച എല്ലാ തീരുമാനങ്ങളും കൈക്കൊള്ളുന്നത് കർദാർസ് എന്ന പേരിൽ അറിയപ്പെടുന്നവരാണ്. ഇത്തരത്തിൽ പതിനൊന്ന് പേരാണ് മലാനയിലുള്ളത്. ഇവർ ജുംല ദേവതയുടെ പ്രതിനിധികളെന്നാണ് വിശ്വസിക്കുന്നത്. അതുകൊണ്ടുതന്നെ കർദാർസ് പറഞ്ഞാൽ ഗ്രാമവാസികൾ എന്തും അനുസരിക്കും.

മൂന്ന് കിലോമീറ്റർ കാടും മലയും താണ്ടി വന്നാലാണ് ഉദ്യോഗസ്ഥർക്ക് മലാനയിലെത്താൻ കഴിയുക. ഇത്രയും ദൂരം താണ്ടി വന്ന് കർദാർസ് സംഘത്തോട് അനുമതി വാങ്ങിയാൽ മാത്രമേ ആരോഗ്യപ്രവർത്തകർക്ക് വാക്സിൻ നൽകാൻ സാധിക്കുകയുള്ളൂ. എന്നാൽ പുറത്തുനിന്ന് ലഭിക്കുന്നതൊന്നും സ്വീകരിക്കില്ലെന്ന് തീരുമാനിച്ച ഇവരെ വാക്സിന്റെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞുമനസ്സിലാക്കുന്നതായിരുന്നു ഏറ്റവും ആദ്യത്തെ വെല്ലുവിളി. തങ്ങൾ അശുദ്ധരായിപ്പോവുമെന്ന് വിശ്വസിക്കുന്നതിനാൽ തന്നെ വാക്സിൻ സ്വീകരിക്കാൻ ഇവർ പൂർണമായും വിസമ്മതിച്ചു. അശുദ്ധിക്ക് പുറമേ വാക്സിൻ സ്വീകരിച്ചാൽ വൈകല്യങ്ങൾ ബാധിക്കുമെന്നും ഇവർ കരുതിയിരുന്നുവെന്ന് കുളുവിലെ ഡെപ്യൂട്ടി കമ്മീഷണർ അശുതോഷ് ഗാർഗ് പറഞ്ഞു.

Leave A Reply

Your email address will not be published.