Listen live radio

ലക്ഷദ്വീപിൽ കൂറ്റൻ ജയിൽ നിർമിക്കാനൊരുങ്ങി അഡ്മിനിസ്‌ട്രേറ്റർ; സ്ഥലമുടമകൾ വിവരമറിയുന്നത് ടെണ്ടർ വിളിച്ച ശേഷം

after post image
0

- Advertisement -

 

 

കവരത്തി: ലക്ഷദ്വീപിൽ കൂറ്റൻ ജയിൽ വരുന്നു. കവരത്തിയിൽ ജില്ലാ ജയിൽ നിർമിക്കാനാണ് ഭരണകൂടത്തിൻറെ നീക്കം. ജയിൽ നിർമാണത്തിനായി 26 കോടി രൂപയുടെ ടെണ്ടർ ക്ഷണിച്ചിട്ടുണ്ട്. കവരത്തി ദ്വീപിന്റെ തെക്കുഭാഗത്തായാണ് പുതിയ ജയിൽ നിർമിക്കുക. അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ പരിഷ്‌കരണ നടപടികളുടെ തുടർച്ചയായാണ് ടെണ്ടർ വിളിച്ചത്. നവംബർ എട്ടാം തിയതിയാണ് ടെണ്ടർ സമർപ്പിക്കേണ്ട അവസാന തിയതി. ജയിൽ നിർമിക്കാനായി തെരഞ്ഞെടുത്തിട്ടുള്ള സ്ഥലത്തിന്റെ ഉടമകൾ പോലും ഇ- ടെണ്ടർ വാർത്ത പുറത്തുവരുമ്പോൾ മാത്രമാണ് സംഭവം അറിയുന്നത്.

നിലവിൽ കവരത്തിയിലും ആന്ത്രോത്തിലും ചെറിയ ജയിലുകളുണ്ട്. മറ്റ് ദ്വീപുകളിലെ പൊലീസ് സ്റ്റേഷനുകളോട് ചേർന്നും ചെറിയ തടവറകളുണ്ട്. ഇവിടെ പോലും കുറ്റവാളികളില്ലാത്ത സ്ഥിതി നിലനിൽക്കുമ്പോഴാണ് പുതിയ നടപടിയുമായി ദ്വീപ് ഭരണകൂടം മുന്നോട്ടുപോകുന്നത്.

കഴിഞ്ഞദിവസം ദ്വീപിന് കേരള ജനത നൽകുന്ന പിന്തുണക്ക് നന്ദി അറിയിക്കാൻ സംവിധായികയും ലക്ഷദ്വീപ് സമരങ്ങളുടെ മുൻനിര പോരാളിയുമായ ഐഷ സുൽത്താന മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചിരുന്നു. ലക്ഷദ്വീപ് ജനതയുടെ പോരാട്ടങ്ങൾക്ക് കേരളം ഒപ്പമുണ്ടെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി. സമരത്തിൻറെ ഇതുവരെയുള്ള പുരോഗതിയും നിലവിലെ അവസ്ഥയും ഐഷയുടെ പോരാട്ട വിശേഷങ്ങളും മുഖ്യമന്ത്രി ചോദിച്ചറിഞ്ഞു.

‘ലക്ഷദ്വീപിന് ആദ്യം പിന്തുണ അറിയിച്ചത് കേരള നിയമസഭയാണ്. കേരള ജനതയും പോരാട്ടത്തിൽ ഞങ്ങൾക്കൊപ്പം നിന്നു. ഈ ഐക്യദാർഢ്യത്തിന് നന്ദി അറിയിക്കാനാണ് ഞാൻ മുഖ്യമന്ത്രിയെ സന്ദർശിച്ചത്. ഇതിനുമുമ്പ് ഒന്നുരണ്ടു തവണ അദ്ദേഹത്തെ കാണാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ദ്വീപിലെ മുഴുവൻ ജനങ്ങൾക്കുവേണ്ടി മുഖ്യമന്ത്രിയോട് നേരിട്ട് നന്ദി പറയാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്. സമരത്തിൻറെ കാര്യങ്ങൾ വിശദമായി അദ്ദേഹവുമായി സംസാരിച്ചു. എൻറെ കേസ് സംബന്ധിച്ച കാര്യങ്ങളും അദ്ദേഹം ചോദിച്ചറിഞ്ഞു. എനിക്കെതിരായ എഫ്.ഐ.ആർ റദ്ദു ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. നിലവിൽ അന്വേഷണ ഏജൻസിയിൽ നിന്നു ബുദ്ധിമുട്ടിക്കുന്ന നടപടികളൊന്നും ഉണ്ടാകുന്നില്ല’- ഐഷ സുൽത്താന പറഞ്ഞു.

പ്രഫുൽ പട്ടേൽ ഏകാധിപത്യഭരണം നടത്താനാണ് ശ്രമിക്കുന്നതെന്ന് ചുമതലയേറ്റത് മുതൽ വ്യാപക വിമർശനമുയർന്നിരുന്നു. ലക്ഷദ്വീപിലെ മുൻ അഡ്മിനിസ്ട്രേറ്ററായിരുന്ന ദിനേശ്വർ ശർമ്മ ശ്വാസകോശ രോഗത്തെ തുടർന്ന് മരണപ്പെട്ടതോടെയാണ് ഡിസംബറിൽ പ്രഫുൽ പട്ടേലിനെ പ്രധാനമന്ത്രി നരേന്ദ്രമോദി ലക്ഷദ്വീപിന്റെ അഡ്മിനിസ്ട്രേറ്റർ ചുമതല ഏൽപ്പിക്കുന്നത്.

പദവി ഏറ്റെടുത്ത ശേഷമുള്ള അഡ്മിനിസ്ട്രേറ്ററുടെ ആദ്യ നിയമപരിഷ്‌കാരം ഗുണ്ടാ ആക്ട് നടപ്പിലാക്കിയതായിരുന്നു. കുറ്റകൃത്യങ്ങളൊന്നും റിപ്പോർട്ട് ചെയ്യാറില്ലാത്ത ദ്വീപിൽ ഗുണ്ടാ ആക്ട് പാസാക്കിയ നടപടി ജനാധിപത്യവിരുദ്ധമാണെന്നാണ് ദ്വീപ് നിവാസികൾ പറയുന്നത്.

നിലവിൽ ലക്ഷദ്വീപിൽ ലഗൂൺ വില്ല കെട്ടിപ്പൊക്കാനും ഭരണകൂടം ശ്രമിക്കുന്നുണ്ട്. ലക്ഷദ്വീപിൽ നോർവെ മാതൃകയിലുള്ള വികസനമാണ് ആവശ്യമെന്നാണ് തദ്ദേശീയർ ആവശ്യപ്പെടുന്നത്. നോർവെ സർക്കാർ അവിടുത്തെ മത്സ്യബന്ധന തൊഴിലാളികൾക്ക് വേണ്ടെതെല്ലാം ചെയ്തുകൊടുക്കുന്നു. അതുകാരണം മത്സ്യബന്ധനത്തിൽ ലോകത്ത് മുൻപന്തിയിലാണ് ആ രാജ്യം. അതുപോലെ നമുക്കും കഴിയും. എന്നാൽ, ലക്ഷദ്വീപിനെ അവിടുത്തെ ഭരണകുടം കോർപറേറ്റുകൾക്ക് തീറെഴുതികൊടുക്കുകയാണെന്ന് ആരോപണമുണ്ട്. 3000 ആളുകളുടെ തൊഴിലാണ് പുതിയ അഡ്മിനിസ്‌ട്രേറ്റർ ഇല്ലാതാക്കിയത്.

 

 

Leave A Reply

Your email address will not be published.