Listen live radio

പ്ലസ് വൺ: സീറ്റ് ക്ഷാമം പരിഹരിക്കാൻ 65ഓളം ബാച്ചുകൾക്ക് ശിപാർശ; മുഴുവൻ സമയ അധ്യയനം പരിഗണനയിൽ

after post image
0

- Advertisement -

 

 

 

തിരുവനന്തപുരം: പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കാൻ ഏഴു ജില്ലകളിലായി 65ഓളം താൽക്കാലിക ബാച്ചുകൾ അനുവദിക്കാൻ ശിപാർശ. പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി വിളിച്ച ഉന്നതതല യോഗത്തിലാണ് ഹയർ സെക്കൻഡറി സീറ്റ് ക്ഷാമം പരിഹരിക്കാനാവശ്യമായ ബാച്ചുകളുടെ കണക്ക് സമർപ്പിച്ചത്. ശിപാർശ ചെയ്ത ബാച്ചുകളിൽ പകുതിയും 5000ത്തിലധികം വിദ്യാർഥികൾക്ക് പ്രവേശനം ലഭിക്കാത്ത മലപ്പുറം ജില്ലയിലേക്കാണ്.

പാലക്കാട്, കോഴിക്കോട് ജില്ലകളാണ് തൊട്ടുപിന്നിൽ. തൃശൂർ, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ചില താലൂക്കുകളിൽ ഏതാനും ബാച്ചുകളും ആവശ്യമാണെന്ന് ഹയർ സെക്കൻഡറി വിഭാഗം യോഗത്തിൽ അറിയിച്ചു. കോമേഴ്‌സ്, ഹ്യുമാനിറ്റീസ് ബാച്ചുകളാണ് ശിപാർശ ചെയ്തതിൽ ഭൂരിഭാഗവും. രണ്ടാം സപ്ലിമെൻററി അലോട്ട്‌മെൻറ് പ്രകാരമുള്ള പ്രവേശനം നടക്കുന്ന സാഹചര്യത്തിൽ എത്ര പുതിയ ബാച്ചുകൾ വേണമെന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാൻ വീണ്ടും വെള്ളിയാഴ്ച യോഗം ചേരും.

ജില്ല അടിസ്ഥാനത്തിൽ മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിലാണ് മതിയായ സീറ്റില്ലാത്തത്. എന്നാൽ, തൃശൂർ, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ ചില താലൂക്കുകളിൽ സീറ്റ് കുറവുണ്ടെന്ന് കണ്ടാണ് പുതിയ ബാച്ചിനുള്ള നിർദേശം.

മുഴുവൻ സമയ അധ്യയനം പരിഗണനയിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂൾ അധ്യയനം വൈകീട്ട് വരെ നടത്തുന്നത് സർക്കാർ പരിഗണനയിൽ. നിലവിൽ ഉച്ചവരെയാണ് ക്ലാസുകൾ. ഡിസംബറോടെ അധ്യയനം വൈകീട്ട് വരെ നടത്താനുള്ള നിർദേശമാണ് പൊതുവിദ്യാഭ്യാസ വകുപ്പ് പരിഗണിക്കുന്നത്. ബുധനാഴ്ച മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിഷയം ചർച്ച ചെയ്തു. വെള്ളിയാഴ്ച നടക്കുന്ന യോഗത്തിൽ തുടർ ചർച്ച നടക്കും.

 

Leave A Reply

Your email address will not be published.