Listen live radio

പെണ്‍ പെരുമയില്‍ വോട്ടുത്സവം ശ്രദ്ധേയമായി സ്ത്രീ സൗഹൃദ ബൂത്തുകള്‍

after post image
0

- Advertisement -

 

വോട്ടിന്റെ പെണ്‍ പെരുമ വിളിച്ചോതി സ്ത്രീകള്‍ നിയന്ത്രിക്കുന്ന പോളിങ് ബൂത്തുകള്‍. സ്ത്രീ പ്രാതിനിധ്യം കൂടുതലുള്ള പോളിങ് ബൂത്തുകളാണ് വനിതാ സൗഹൃദ പോളിങ് ബൂത്തുകളാക്കിയത്. പൂമല ഗവ.എല്‍.പി സ്‌കൂളില്‍ ഒരുക്കിയ സ്ത്രീ സൗഹൃദ പോളിങ് ബൂത്ത് ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് സന്ദര്‍ശിച്ചു. സ്ത്രീ സൗഹൃദ ബൂത്തുകളില്‍ പോളിങ് ഉദ്യോഗസ്ഥര്‍, പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ വനിതകളാണ്. ഇവിടെ സ്ത്രീകള്‍ക്കായി വിശ്രമമുറികള്‍, മുലയൂട്ടല്‍ കേന്ദ്രം, കുട്ടികള്‍ക്കായി മിനി അംഗന്‍വാടി എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. മിനി അംഗന്‍വാടിയില്‍ കുട്ടികള്‍ക്കായി കളിപ്പാട്ടങ്ങളും മധുരപലാഹരങ്ങളും ഒരുക്കിയിരുന്നു. കുട്ടികളെ നോക്കുന്നതും കുടുംബശ്രീ റിസോഴ്‌സ് പേഴ്‌സണ്‍മാരാണ്. പീലി വിരിച്ച് നില്‍ക്കുന്ന മയിലിന്റെ രൂപവും പ്രത്യേക ആകര്‍ഷണമാണ്. മുള, പനയോല, തുണി, കടലാസ്, പൂവുകള്‍ എന്നിവ കൊണ്ടാണ് വനിതാ ബൂത്ത് അലങ്കരിച്ചിരിക്കുന്നത്. വോട്ടവകാശത്തിന്റെ പ്രാധാന്യം സൂചിപ്പിക്കുന്ന സൂചനാ ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്. ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയ സ്ത്രീ വോട്ടര്‍മാര്‍ക്ക് പച്ചക്കറി വിത്തുകള്‍ നല്‍കിയാണ് വരവേറ്റത്. കുടുംബശ്രീ ജില്ലാ മിഷന്റെ ജെന്‍ഡര്‍ ആന്റ് എഫ്.എന്‍.എച്ച്. ഡബ്ല്യു വിഭാഗമാണ് വനിതാ ബൂത്ത് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. കുടുംബശ്രീ കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാര്‍, ജെന്‍ഡര്‍ റിസോഴ്‌സ് പേഴ്‌സണ്‍മാര്‍, എഫ്.എന്‍.എച്ച്. ഡബ്ല്യു റിസോഴ്‌സ് പേഴ്‌സണ്‍ എന്നിവര്‍ നേതൃത്വം നല്‍കി. ജില്ലയില്‍ കല്‍പ്പറ്റ നിയോജക മണ്ഡലത്തില്‍ കല്‍പ്പറ്റ ഹിദായത്തുല്‍ ഇസ്ലാം മദ്രസ യു.പി സ്‌കൂള്‍, മാനന്തവാടി നിയോജക മണ്ഡലത്തില്‍ ലിറ്റില്‍ ഫ്‌ളവര്‍ യു.പി സ്‌കൂള്‍ എന്നിവടങ്ങളിലാണ് മറ്റ് വനിതാ പോളിങ് സ്റ്റേഷനുകള്‍ ഉള്ളത്.

 

Leave A Reply

Your email address will not be published.