Listen live radio

മുഹമ്മദിന്‍റെ കാൽ ഉപേക്ഷിക്കാൻ ഉപയോഗിച്ച സ്കൂൾ ബാഗ് കണ്ടെടുത്തു, ആയുധങ്ങളും കണ്ടെത്തി

after post image
0

- Advertisement -

വയനാട്: വയനാട് അമ്പലവയൽ കൊലപാതകത്തിലെ  (Ambalavayal Murder)  നിർണായക തെളിവുകൾ കണ്ടെത്തി. മുഹമ്മദിനെ (Muhammad) കൊലപ്പെടുത്താൻ ഉപയോഗിച്ച കോടാലി, മുറിച്ച് മാറ്റിയ കാൽ ഉപേക്ഷിക്കാൻ ഉപയോഗിച്ച ബാഗുമാണ് മുഹമ്മദിൻ്റെ വീട്ടിൽ നിന്നും പരിസരത്ത് നിന്നുമായി കണ്ടെത്തിയത്. കൊലയ്ക്ക് ശേഷം പെൺകുട്ടികൾ ഉപേക്ഷിച്ച മുഹമ്മദിൻ്റെ മൊബൈൽ ഫോണും കണ്ടെത്തി. കനത്ത പൊലീസ് സുരക്ഷയിലാണ് അമ്മയെയും രണ്ട് പെൺകുട്ടികളെയും കൊല നടന്ന അമ്പലവയലിലെ വീട്ടിൽ തെളിവെടുപ്പിനെത്തിച്ചത്.

പെൺകുട്ടികളെ പുറത്ത് നിർത്തി ആദ്യം അമ്മയെ വീട്ടിലേക്ക് കൊണ്ടുപോയി. തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ഉപയോഗിച്ച കോടാലിയും മുഹമ്മദിൻ്റെ വലതുകാല്‍ മുറിച്ച് മാറ്റാൻ ഉപയോഗിച്ച വാക്കത്തിയും വീട്ടിലെ മുറിയിൽ നിന്ന് കണ്ടെടുത്തു. മുഹമ്മദിൻ്റെ  മൊബൈൽ ഫോണും കണ്ടെത്തി. കൊല നടത്തി മുറിച്ചു മാറ്റിയ വലതുകാൽ അമ്പലവയൽ ടൗണിനടുത്തുള്ള മാലിന്യ പ്ലാൻ്റിന് സമീപവും മൊബൈൽ ഫോൺ മ്യൂസിയം പരിസരത്തുമാണ് ഉപേക്ഷിച്ചത്. മൂന്ന് പേരുടെയും ചോദ്യം ചെയ്യൽ പൂർത്തിയാക്കി ഇന്ന് കോടതിയിൽ ഹാജരാക്കും.

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കൽപ്പറ്റ ജുവനൈൽ ജസ്റ്റിസ് ബോർഡിലും അമ്മയെ ബത്തേരി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലുമാണ് ഹാജരാക്കുക. ജില്ലാ പൊലീസ് മേധാവിയുടെ മേൽനോട്ടത്തിൽ കൽപ്പറ്റ ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. കൊല നടത്തി പ്രതികൾ തെളിവുകൾ ഇല്ലാതാക്കാൻ ശ്രമിച്ചതിൻ്റെ സൂചനകളും വീട്ടിൽ ഉണ്ടായിരുന്നു. രക്ത കറയുള്ള ഭാഗങ്ങൾ മണ്ണിട്ട നിലയിലായിരുന്നു. പ്രതികൾക്ക് മറ്റാരുടേയും സഹായം ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് നിഗമനം. മുറിച്ചു മാറ്റിയ മുഹമ്മദിൻ്റെ വലതുകാൽ ഓട്ടോ വിളിച്ചാണ് പെൺകുട്ടി അമ്പലവയൽ ടൗണിന് സമീപം ഉപേക്ഷിച്ചത്.

ഇന്നലെ രാത്രി ഏറെ നേരം പൊലീസ് പ്രതികളെ ചോദ്യം ചെയ്തിരുന്നു. അമ്മയെ മുഹമ്മദ് ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ കോടാലി ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കുട്ടികൾ പൊലീസിന് നൽകിയ മൊഴി. കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം കഷണങ്ങളായി മുറിച്ച് വിവിധയിടങ്ങളിലായി നിക്ഷേപിക്കാനായിരുന്നു പദ്ധതി. ഇതിനായി വലതുകാൽ മുറിച്ചെടുത്ത് സ്കൂൾ ബാഗിലാക്കി വീടിന് അകലെയുള്ള മാലിന്യ പ്ലാൻ്റിൽ ഒളിപ്പിക്കുകയായിരുന്നു. പിന്നീട് പിടിക്കപ്പെടുമെന്ന് ഭയന്നതോടെയാണ്  കീഴടങ്ങാൻ തയ്യാറായതെന്ന് പ്രതികൾ പൊലീസിന് നൽകിയ മൊഴിയിലുണ്ട്. പത്താം ക്ലാസിലും പതിനൊന്നാം ക്ലാസിലും പഠിക്കുന്ന വിദ്യാർത്ഥിനികളാണ് പെൺകുട്ടികൾ.

അതേസമയം പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് മാത്രമായി കൊലപാതകം നടത്താനാകില്ലെന്ന് കൊല്ലപ്പെട്ട മുഹമ്മദിന്‍റെ ഭാര്യ പറഞ്ഞു. തന്‍റെ സഹോദരനും മകനുമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് ഇവരുടെ ആരോപണം.  മുഹമ്മദിനെതിരായ ആരോപണങ്ങൾ തെറ്റാണ്. മുഹമ്മദ് ആ കുടുംബത്തിൻ്റെ സംരക്ഷണം ഏറ്റെടുക്കുകയായിരുന്നു. പെൺകുട്ടികളുടെ പിതാവും മുഹമ്മദുമായി പ്രശ്നങ്ങൾ ഉണ്ടായിരുന്നു. പെൺകുട്ടികളുടെ സംരക്ഷണത്തെ ചൊല്ലി തർക്കങ്ങൾ നിലനിന്നിരുന്നുവെന്നും മുഹമ്മദിന്റെ ഭാര്യ പറഞ്ഞു.

Leave A Reply

Your email address will not be published.