കല്‍പ്പറ്റ: വയനാട് ബത്തേരി കല്ലൂര്‍ സ്വദേശി എ.വി. അഭിജിത്തിന് അന്താരാഷ്ട്ര പുരസ്‌കാരം. അസോസിയേഷന്‍ ഫോര്‍ ദ സ്റ്റഡി ഓഫ് അനിമല്‍ ബിഹേവിയര്‍(എഎസ്എബി) ജിയോഗ്രാഫിക് പുരസ്‌കാരമാണ് അഭിജിത്തിനു ലഭിച്ചത്. 1939ല്‍ ലണ്ടനില്‍ രൂപീകൃതമായ സംഘടനയാണ് എഎസ്എബി. വിവിധയിനം പ്രാണിപിടിയന്‍ പക്ഷികള്‍ ഇരതേടുന്നതിന് കൂട്ടംകൂടി വനത്തില്‍ ഒരേദിശയില്‍ നടത്തുന്ന സഞ്ചാരം, പക്ഷികള്‍ ഇത്തരത്തില്‍ കൂട്ടംകൂടുന്ന സാഹചര്യം, അവ പുറപ്പെടുവിക്കുന്ന ശബ്ദം എന്നിവ സംബന്ധിച്ച് ‘അനിമല്‍ ബിഹേവിയര്‍’ ജേണലില്‍ പ്രസിദ്ധീകരിച്ച ലേഖനമാണ് അഭിജിത്തിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. 2,40,000 രൂപയും പ്രശസ്ത്രിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ബംഗളൂരുവിലെ ജവഹര്‍ലാല്‍ നെഹ്റു സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് സയന്റിഫിക് റിസര്‍ച്ചില്‍ ഇവല്യൂഷണറി ആന്‍ഡ് ഓര്‍ഗനിസ്മല്‍ ബയോളജി(ഇഒബി)യൂണിറ്റില്‍ ഗവേഷണ വിദ്യാര്‍ഥിയാണ് അഭിജിത്ത്. കല്ലൂരിലെ കര്‍ഷകന്‍ എ.വി. മനോജ്കുമാറിന്റേയും ബിഎസ്എന്‍എല്‍ റിട്ട. ഡിവിഷണല്‍ എന്‍ജിനിയര്‍ ഷേര്‍ലിയുടേയും മകനാണ്.
തെന്നിന്ത്യയില്‍ ആദ്യമായി വലിയ കിന്നരിപ്പരുന്തിന്റെ പ്രജനനകാലം നിരന്തര നിരീക്ഷണത്തിനു വിധേയമാക്കി തയാറാക്കിയ സചിത്രലേഖനം പ്രസിദ്ധ ഓണ്‍ലൈന്‍ ജേണല്‍ ‘ഇന്ത്യന്‍ ബേര്‍ഡ്സ്’ല്‍ പ്രസിദ്ധീകരിച്ച് അഭിജിത്ത് ജനശ്രദ്ധ നേടിയിരുന്നു. അഭിജിത്തും പിതാവ് മനോജ്കുമാറും ചേര്‍ന്നു ‘ബ്രീഡിംഗ് ബയോളജി ഓഫ് ലെഗീസ് ഹാക്ക് ഈഗിള്‍’ എന്ന തലക്കെട്ടില്‍ തയാറാക്കിയ ലേഖനം ‘ഇന്ത്യന്‍ ബേര്‍ഡ്സ്’ന്റെ 2023 ഓഗസ്റ്റ് ലക്കത്തില്‍ കവര്‍ സ്റ്റോറിയായിരുന്നു. വൈല്‍ഡ് ലൈഫ് ബയോളജിയില്‍ ബിരുദാനന്തര ബിരുദമുള്ള അഭിജിത്ത് വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫിയിലും തത്പരനാണ്. 80 ലേറെ ഇനം പക്ഷികള്‍, കടുവയും ആനയുമടക്കം മൃഗങ്ങള്‍, വിവിധയിനം പാമ്പുകള്‍, തവളകള്‍ എന്നിവയുടെ ചിത്രങ്ങള്‍ അഭിജിത്തിന്റെ ശേഖരത്തിലുണ്ട്. ഇന്ത്യയില്‍ ആദ്യമായി വടക്കേ വയനാട്ടിലെ പേരിയ ഗുരുകുലം ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ 2016 ജൂലൈ 18ന് രാത്രി ചേന വര്‍ഗത്തില്‍പ്പെട്ട ടൈറ്റന്‍ ആരം പുവിട്ടതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി ബാഹ്യലോകത്തിനു സമ്മാനിച്ചത് അഭിജിത്താണ്.