Listen live radio

‘ലക്ഷണങ്ങളുണ്ടെങ്കിൽ ആർടിപിസിആർ പരിശോധന’; അന്താരാഷ്ട്ര യാത്രക്കാർക്കുള്ള മാർഗനിർദേശങ്ങളായി

after post image
0

- Advertisement -

തിരുവനന്തപുരം: കേരളത്തിലേക്ക് വരുന്ന അന്താരാഷ്ട്ര യാത്രക്കാർക്കുള്ള മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. കേരളത്തിൽ വരുന്ന എല്ലാ അന്താരാഷ്ട്ര യാത്രക്കാരും കേരളത്തിൽ താമസിക്കുന്ന കാലയളവ് പരിഗണിക്കാതെ സ്വയം രോഗനിരീക്ഷണം നടത്തുകയും രോഗലക്ഷണങ്ങളുണ്ടെങ്കിൽ ആർടിപിസിആർ പരിശോധന നടത്തേണ്ടതുമാണ്. കൊവിഡ് പരിശോധനാ ഫലത്തിൻറെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കേണ്ടതാണ്. വിമാനത്തിലെ അന്താരാഷ്ട്ര യാത്രക്കാരിൽ രണ്ട് ശതമാനം പേർക്ക് റാൻഡം പരിശോധന നടത്തുന്നതാണ്. എയർലൈൻ ജീവനക്കാരാണ് ഇവരെ കണ്ടെത്തി നൽകേണ്ടത്. പരിശോധനയുടെ ചെലവ് സംസ്ഥാനം വഹിക്കുന്നതാണ്.

അന്താരാഷ്ട്ര യാത്രക്കാർ സംസ്ഥാനത്ത് എത്തിച്ചേരുന്ന തിയതി മുതൽ ഏഴ് ദിവസത്തേക്ക് സ്വയം ആരോഗ്യ നിരീക്ഷണം തുടരുകയും രോഗലക്ഷണങ്ങൾ ഉണ്ടായാൽ പരിശോധനയ്ക്ക് വിധേയമാക്കുകയും വേണം. കർശനമായ കൊവിഡ് മാർഗനിർദേശങ്ങൾ പാലിക്കണം. ഇവർ ഈ കാലയളവിൽ അടച്ചിട്ട ഇടങ്ങളിൽ ഒത്തുകൂടുന്നതും ആൾക്കൂട്ടമുള്ള സ്ഥലങ്ങളും ഒഴിവാക്കണം. കൊവിഡ് പോസിറ്റീവായ എല്ലാ അന്താരാഷ്ട്ര യാത്രക്കാരുടെയും സാമ്പിളുകൾ ജനിതക പരിശോധനയ്ക്കായി അയക്കും. കൊവിഡ് പോസിറ്റീവായ യാത്രക്കാരുടെ ചികിത്സ നിലവിലുള്ള മാർഗനിർദ്ദേശങ്ങൾ അനുസരിച്ച് ചെയ്യുന്നതാണ്. എത്തിച്ചേരുന്ന എട്ടാം ദിവസം റാപ്പിഡ് ആന്റിജൻ ടെസ്റ്റ് ഉപയോഗിച്ച് കൊവിഡ് പരിശോധന നടത്തുന്നത് യാത്രക്കാരുടെ സുരക്ഷയ്ക്ക് ഉചിതമാണ്.

അന്താരാഷ്ട്ര യാത്രക്കാരുടെ അഭ്യർത്ഥന പരിഗണിച്ചും സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിദഗ്ധസംഘം വിലയിരുത്തിയുമാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കൂടിയ അവലോകന യോഗത്തിൽ ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. എല്ലാ അന്താരാഷ്ട്ര യാത്രക്കാരും അവരുടെ സ്വന്തം സുരക്ഷയ്ക്കും കുടുംബത്തിന്റെയും സമൂഹത്തിന്റെയും സുരക്ഷയ്ക്കുമായി മാർഗ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.

Leave A Reply

Your email address will not be published.