Listen live radio

‘ഞങ്ങളിടം’: പ്രതീകാത്മക ചായക്കടയില്‍ വനിതാ ചര്‍ച്ച

after post image
0

- Advertisement -

ഇതു ഞങ്ങളുടെ കൂടി ഇടമാണെന്ന് പ്രഖ്യാപിച്ച് പ്രതീകാത്മക ചായക്കടയില്‍ വനിതാ ചര്‍ച്ച. ആരോഗ്യകേരളം വയനാട് ‘ഭൂമിക’ ജെന്‍ഡര്‍ ബേസ്ഡ് വയലന്‍സ് മാനേജ്മെന്റ് സെന്ററിന്റെ നേതൃത്വത്തില്‍ ജില്ലയിലെ മൂന്നിടങ്ങളിലാണ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമടങ്ങുന്ന വനിതാസംഘം ഒത്തുകൂടിയത്. ‘ഞങ്ങളിടം’ എന്ന പേരിലായിരുന്നു വനിതാ ദിനത്തിലെ വേറിട്ട പരിപാടി. ലിംഗസമത്വം സമൂഹത്തിന്റെ താഴെത്തട്ടില്‍ തന്നെ ആരംഭിക്കണമെന്ന സന്ദേശമാണ് ക്യാമ്പയിനിലൂടെ ഉദ്ദേശിക്കുന്നത്. ജില്ലാതല ഉദ്ഘാടനം മേപ്പാടി ബസ് സ്റ്റാന്‍ഡ് പരിസരത്തെ കുടുംബശ്രീ വനിതാ മെസ്സില്‍ ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സമീഹ സൈതലവി നിര്‍വഹിച്ചു.

സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമിട്ട് ആരംഭിച്ച കുടുംബശ്രീയുടെ ഇടപെടലുകളിലൂടെ സ്ത്രീകള്‍ സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിയതിനെ കുറിച്ചായിരുന്നു പ്രധാന ചര്‍ച്ച. മുന്‍കാലങ്ങളെ അപേക്ഷിച്ച് തങ്ങള്‍ ഇപ്പോള്‍ ഇടപഴകുന്ന മേഖലകളിലുണ്ടാക്കിയ വന്‍ മുന്നേറ്റത്തെക്കുറിച്ചുള്ള അനുഭവങ്ങള്‍ ഇവര്‍ പങ്കുവെച്ചു. ‘സുസ്ഥിരമായൊരു നാളേക്ക് വേണ്ടി ഇന്നേ വേണം ലിംഗസമത്വം’ എന്നതാണ് ഇത്തവണത്തെ വനിതാദിന മുദ്രാവാക്യം.

സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതിനും അതിക്രമങ്ങള്‍ തടയുന്നതിനുമായി പ്രവര്‍ത്തിക്കുന്ന ‘ഭൂമിക’യുടെ പ്രചാരണം കൂടി ഇതോടൊപ്പം ഉദ്ദേശിക്കുന്നു. സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയിലാണ് ജില്ലയിലെ ‘ഭൂമിക’ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. ഫോണ്‍: 9946108746. കൂടുതല്‍ വിവരങ്ങള്‍ക്ക് ‘ദിശ’- 1056, 104, 0471 2552056.

Leave A Reply

Your email address will not be published.