Listen live radio

പി.പി.മുഹമ്മദ് മാസ്റ്റര്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന് പടിയിറങ്ങുന്നു

after post image
0

- Advertisement -

കല്‍പ്പറ്റ: 31 വര്‍ഷത്തെ അധ്യാപനത്തിന് ശേഷം പി.പി.മുഹമ്മദ് സര്‍വ്വീസില്‍ നിന്ന് (നാളെ മെയ് 31 ചൊവ്വ) വിരമിക്കുന്നു. മുട്ടില്‍ ഓര്‍ഫനേജ് വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ ഹിന്ദി അധ്യാപകനാണ്. 5 വര്‍ഷം കുടുംബശ്രീ വയനാട് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്ററായും (ഡി.എം.സി) സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1991 ല്‍ പിണങ്ങോട് ഓര്‍ഫനേജ് ഹൈസ്‌കൂളിലാണ് ജോലിയില്‍ പ്രവേശിച്ചത്. 1998 ല്‍ മുട്ടില്‍ ഓര്‍ഫനേജ് വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെത്തി. 2011 മുതല്‍ 5 വര്‍ഷമാണ് കുടുംബശ്രീ ഡി.എം.സിയായി സേവനമനുഷ്ഠിച്ചു. സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ എസ്.സി.ഇ.ആര്‍.ടി.പാഠപുസ്തക രചനാ സമിതി അംഗം, സംസ്ഥാന കരിക്കുലം ഉപസമിതി അംഗം, ജില്ലാ-സംസ്ഥാന റിസോഴ്‌സ് പേഴ്‌സണ്‍(ആര്‍.പി), വയനാട് ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സമിതി അംഗം, വിദ്യാഭ്യാസ വര്‍ക്കിംഗ് ഗ്രൂപ്പ് അംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കെ.എസ്.ടി.യു സംസ്ഥാന കമ്മിറ്റി രൂപീകരിച്ച നാഷണല്‍ എഡ്യുക്കേഷന്‍ പോളിസി (എന്‍.ഇ.പി.) ഉപസമിതി കണ്‍വീനര്‍, ശമ്പള പരിഷ്‌കരണ റിപ്പോര്‍ട്ട് പഠന സമിതി കണ്‍വീനര്‍, പാഠ്യപദ്ധതി പഠന സമിതി കണ്‍വീനര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍(കെ.എസ്.ടി.യു) സംസ്ഥാന സെക്രട്ടറി, വയനാട് ജില്ലാ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, മുഖപത്രമായ ഗുരുചൈതന്യം സബ് എഡിറ്റര്‍, ജില്ലാ സംയുക്ത അധ്യാപക സമിതി കണ്‍വീനര്‍, അധ്യാപക സര്‍വ്വീസ് സംഘടനകളുടെ ഐക്യവേദിയായ യു.ടി.ഇ.എഫ്.ജില്ലാ കണ്‍വീനര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. എസ്.എസ്.എല്‍.സി കേന്ദ്രീകൃത മൂല്ല്യനിര്‍ണ്ണയ ക്യാമ്പ്, അധ്യാപക ഭവന്‍, പരീക്ഷകളില്‍ പ്രതിഭകളായ ജില്ലയിലെ അധ്യാപകരുടെ മക്കള്‍ക്കുള്ള അവാര്‍ഡ് തുടങ്ങിയവ ജില്ലയില്‍ നടപ്പാക്കുന്നതില്‍ നേതൃപരമായ പങ്ക് വഹിച്ചു. കുടുംബശ്രീ പ്രസ്ഥാനത്തെ ജില്ലയില്‍ ജനകീയമാക്കുന്നതിന് അഞ്ച് വര്‍ഷം നേതൃത്വം നല്‍കി. പുതുമയാര്‍ന്ന വിവിധങ്ങളായ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കിയതോടെ അഞ്ച് വര്‍ഷങ്ങളിലായി അഞ്ച് സംസ്ഥാന അവാര്‍ഡുകള്‍ വയനാട് ജില്ലക്ക് സ്വന്തമാക്കാനായി. സംസ്ഥാനത്ത് മാതൃകയായ വിവിധ പദ്ധതികള്‍ ജില്ലയില്‍ കുടുംബശ്രീ ഏറ്റെടുത്ത് നടപ്പാക്കുകയും ലക്ഷ്യത്തിലെത്തിക്കുന്നതിന് നേതൃത്വം നല്‍കുകയും ചെയ്തു. അക്കാലത്ത് ഹിമാചല്‍ പ്രദേശ് ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളിലെ മന്ത്രിമാരടക്കമുള്ള ഉന്നത സംഘങ്ങള്‍ കുടുംബശ്രീയെ പഠിക്കാന്‍ ജില്ലയിലെത്തുകയുണ്ടായി.

വിദ്യാഭ്യാസ വകുപ്പിന്റെയും കുടുംബശ്രീയുടെയും ഭാഗമായി രണ്ട് തവണ വിദേശ സന്ദര്‍ശനം (യു.എ.ഇ) നടത്തി. കേന്ദ്ര സര്‍ക്കാര്‍ ഗ്രാമീണ വികസന വകുപ്പ് ദേശീയ തലത്തില്‍ നാഗാലാന്റിലെ ഭീമാപൂരില്‍ സംഘടിപ്പിച്ച സരസ് മേളയില്‍ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തു. ഗുജറാത്തിലെ ഇര്‍മ ദേശീയ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും സ്ഥാപന മാനേജ്‌മെന്റ്, അഡ്മിനിസ്‌ട്രേഷന്‍, പദ്ധതികളുടെ സംഘാടനം എന്നിവയില്‍ പ്രത്യേക പരിശീലനവും ഡല്‍ഹി ആസ്ഥാനമായ സി.സി.ഇ.ആര്‍.ടി യില്‍ നിന്ന്  ടൂറിസത്തിലും തൃശൂര്‍ കിലയില്‍ നിന്ന് ടി.ഒ.ടി പരിശീലനവും നേടിയിട്ടുണ്ട്. കല്‍പ്പറ്റയില്‍ നടന്ന പ്രഥമ സംസ്ഥാനതല സ്‌കൂള്‍ ശാസ്ത്ര മേളയുടെ പബ്ലിസിറ്റി കണ്‍വീനറായും ജില്ലാ-ഉപജില്ലാ തല വിവിധ സ്‌കൂള്‍ മേളകളുടെയും ആഘോഷങ്ങളുടെയും മുഖ്യസംഘാടകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. എം.എസ്.എസ് – പൊയിലൂര്‍ ഉന്നത വിദ്യാഭ്യാസ കോംപ്ലക്‌സ് സെക്രട്ടറിയായും എം.എസ്.എസ്.ജില്ലാ പ്രസിഡന്റായും ഇപ്പോള്‍ സ്ഥാനം വഹിക്കുന്നു.

ഇടുക്കി ജില്ലയിലെ കല്ലാര്‍ ഗവ.ഹയര്‍സെക്കന്ററി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് എം.സല്‍മ ഭാര്യയാണ്. പനമരം ക്രസന്റ് എല്‍.പി.സ്‌കൂള്‍ അധ്യാപകന്‍ പി.പി.സബാഹ് മുഹമ്മദ്, മേപ്പാടി വിംസ് നേഴ്‌സിംഗ് കോളജ് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥി പി.പി.സലീല്‍ മുഹമ്മദ്, പിണങ്ങോട് ഡബ്ല്യു.എം.ഒ.ഹയര്‍സെക്കന്ററി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി പി.പി സാലിഹ് മുഹമ്മദ് മക്കളാണ്.

Leave A Reply

Your email address will not be published.