Listen live radio

ഗ്രേറ്റ് നിക്കോബാർ തീരത്ത് പുതിയ സ്പീഷീസ് ‘ടോർടാനസ് ധൃതിയെ’

after post image
0

- Advertisement -

മാനന്തവാടി: അന്തമാൻ-നിക്കോബാർ ദ്വീപസമൂഹങ്ങളിലുൾപ്പെടുന്ന ഗ്രേറ്റ് നിക്കോബാർ തീരത്തുനിന്ന് പുതിയ കോപ്പിപോഡ് സ്പീഷീസിനെ കണ്ടെത്തി. ‘ടോർടാനസ് ധൃതി’യെ എന്നാണ്‌ ഇതിനു നൽകിയിരിക്കുന്ന പേര്. സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പ്രഥമ വനിതാഡയറക്ടർ ഡോ. ധൃതി ബാനർജിയോടുള്ള ആദരസൂചകമാണ് പേരിട്ടത്.

മാനന്തവാടി മേരിമാതാ ആർട്‌സ് ആൻഡ് സയൻസ് കോളേജ് ജന്തുശാസ്ത്രവിഭാഗം അസി. പ്രൊഫസർ ഡോ. സനു വി. ഫ്രാൻസിസ്, സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ പ്രോട്ടോസുവോളജി വിഭാഗം മേധാവിയും ശാസ്ത്രജ്ഞയുമായ ഡോ. ജാസ്മിൻ പുരുഷോത്തമൻ എന്നിവരാണ് പുതിയ ജീവിയെ കണ്ടെത്തിയത്. കുസാറ്റ് സ്കൂൾ ഓഫ് മറൈൻ സയൻസസ് ഡീൻ പ്രൊഫ. ബിജോയ് നന്ദനും ഗവേഷണത്തിൽ പങ്കെടുത്തു.

സമുദ്ര ആവാസവ്യവസ്ഥയിൽ നിർണായക പങ്കുവഹിക്കുന്ന സൂക്ഷ്മജീവിവിഭാഗമാണ് കോപ്പിപോഡുകൾ. സമുദ്രത്തിലെ ആഹാരശൃംഖലയിൽ പ്രധാന കണ്ണിയായ ഇത്തരം ജീവികളെ ആശ്രയിച്ചാണ് മത്സ്യസമ്പത്തും സമുദ്രത്തിലെ ജീവിവിഭാഗങ്ങളും നിലനിൽക്കുന്നതെന്ന് ഗവേഷകർ പറഞ്ഞു. കോപ്പിപോഡുകളിലെ ടോർടാനസ് എന്ന ജനുസ്സിലും അറ്റോർട്ടസ് എന്ന ഉപജനുസ്സിലും ഉൾപ്പെട്ട ഈ ജീവി പ്രധാനമായും പസഫിക് സമുദ്രത്തിലെ പവിഴദ്വീപുകളിലാണ് കണ്ടുവന്നിരുന്നത്.

ഇന്ത്യൻ മഹാസമുദ്രത്തിൽ ഈ ഇനത്തിൽപ്പെട്ട ഏഴു ജീവികളെ മാത്രമേ ഇതുവരെ കണ്ടെത്തിയിട്ടുള്ളൂ. അതിലൊന്നായ ടോർടാനസ് മിനിക്കോയെൻസിസ്‌ ഡോ. സനു ലക്ഷദ്വീപിലെ മിനിക്കോയ് ദ്വീപിൽനിന്ന് മുമ്പ് കണ്ടെത്തിയിരുന്നു.

കഴിഞ്ഞ പത്തുവർഷമായി അറബിക്കടൽ, ബംഗാൾ ഉൾക്കടൽ, ലക്ഷദ്വീപസമൂഹങ്ങൾ എന്നിവിടങ്ങളിൽ ഡോ. സനുവും പ്രൊഫ. ബിജോയ് നന്ദനും നടത്തിയ പര്യവേക്ഷണങ്ങളുടെ ഭാഗമായി പുതിയ സ്പീഷീസുകളെ കണ്ടെത്തിയിരുന്നു.

കോപ്പിപോഡുകളെക്കുറിച്ചുള്ള പഠനങ്ങൾക്ക് അന്താരാഷ്ട്രതലത്തിൽ വലിയ പ്രാധാന്യം ലഭിക്കുന്നുണ്ട്. നോപ്ലിയസ് എന്ന അന്താരാഷ്ട്ര ടാക്സോണമി ജേണലിൽ പുതിയ സ്പീഷീസിനെക്കുറിച്ചുള്ള പ്രബന്ധം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Leave A Reply

Your email address will not be published.