കൊച്ചി: മുസ്‌ലിം വ്യക്തിനിയമപ്രകാരം വിവാഹമോചനപ്രഖ്യാപനം നടത്താൻ സ്ത്രീകൾക്ക് അവകാശം നൽകുന്ന ‘ഖുല നാമ’യിൽ ‘മഹർ’ തിരികെനൽകിയതിനെപ്പറ്റി പരാമർശിച്ചിട്ടില്ലെങ്കിലും വിവാഹമോചനം നിലനിൽക്കുമെന്ന് ഹൈക്കോടതി. മഹർ തിരികെനൽകിയതിന് തെളിവുണ്ടെങ്കിൽ ഖുല നാമയിൽ രേഖപ്പെടുത്തിയില്ലെങ്കിലും വിവാഹമോചനം നിലനിൽക്കുമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് എം.ബി. സ്നേഹലത എന്നിവരുൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി.
തലശ്ശേരി കുടുംബകോടതി ഉത്തരവിനെതിരേയായിരുന്നു പാനൂർ സ്വദേശിയുടെ അപ്പീൽ. മഹറായി ഭാര്യക്ക് നൽകിയ 10 പവൻ തിരികെനൽകിയതായി ഖുല നാമയിൽ രേഖപ്പെടുത്തിയിട്ടില്ലെന്നായിരുന്നു വാദം. കുടുംബകോടതി മധ്യസ്ഥശ്രമം നടത്തിയില്ലെന്നും ചൂണ്ടിക്കാട്ടി. എന്നാൽ, ‘ഖുല നാമ’യിൽ രേഖപ്പെടുത്തിയിട്ടില്ലെങ്കിലും ഖുല നാമ നൽകുന്നതിന് മുൻപേതന്നെ ഭർത്താവ് മഹർ തിരികെ എടുത്തുകൊണ്ടുപോയെന്നുകാട്ടി ഭാര്യ കുടുംബകോടതിയിൽ സത്യവാങ്മൂലവും മൊഴിയും നൽകിയിരുന്നു. ഇത് ഭർത്താവ് നിഷേധിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടി. മധ്യസ്ഥതയ്ക്ക് ശ്രമിച്ചെങ്കിലും ഭർത്താവ് സഹകരിച്ചില്ലെന്നും ഭാര്യക്കുവേണ്ടി ഹാജരായ അഡ്വ. ടി.പി. സാജിദ് അറിയിച്ചു.
ഇതിനെത്തുടർന്നാണ് യുവതിയുടെ വാദത്തെ അവിശ്വസിക്കേണ്ടതില്ലെന്നും കുടുംബകോടതി ഉത്തരവിൽ അപാകമില്ലെന്നും വിലയിരുത്തി അപ്പീൽ തള്ളിയത്.
എന്താണ് ഖുല
മുസ്‌ലിം വ്യക്തിനിയമപ്രകാരം ഭർത്താവിന്റെ അനുമതിയില്ലാതെത്തന്നെ ഖുലയിലൂടെ സ്ത്രീകൾക്ക് വിവാഹമോചനം നേടാം. ഇതിനായി മഹർ തിരികെനൽകുന്നു എന്നത് രേഖപ്പെടുത്തി ഖുല നാമ നൽകിയാൽ മതി. ഇത് കുടുംബകോടതി അംഗീകരിക്കുന്നതോടെ വിവാഹമോചനം സാധുവാകും. ഇതിൽ ഭാര്യക്ക് ജീവനാംശത്തിന് അർഹതയുണ്ടാകില്ല.














