Listen live radio
- Advertisement -
എടവക: മാലിന്യ ശേഖരണം ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായി ഹരിതമിത്രം ആപ്പിനുവേണ്ടി ഡിജിറ്റൽ വിവരശേഖരണത്തിന് ഇനി വിദ്യാർഥികളും. എടവക ഗ്രാമപഞ്ചായത്തിലെ ഹരിതമിത്രം വിവരശേഖരണത്തിനാണ് മാനന്തവാടി ഗവ. കോളജിലെയും പി.കെ. കാളൻ മെമ്മോറിയൽ കോളജിലെയും എൻഎസ്എസ് വിദ്യാർഥികൾ സഹകരിക്കുന്നത്. ഇതിന്റെ ഭാഗമായി നൂറിലേറെ വിദ്യാർഥികൾക്ക് പരിശീലനം നൽകി.
മാനന്തവാടി ഗവ. കോളജ് ഓഡിറ്റോറിയത്തിൽ നടന്ന പരിശീലന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി. പ്രദീപ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജംഷീറ ശിഹാബ് അധ്യക്ഷത വഹിച്ചു. ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശിഹാബ് ആയാത്ത്, വാർഡ് മെമ്പർ ലിസി ജോൺ, ഗവ. കോളജ് പ്രിൻസിപ്പൽ ഡോ. അബ്ദുൾ സലാം, ഹരിതകേരള മിഷൻ റിസോഴ്സ് പേഴ്സൺ എം.ആർ പ്രഭാകരൻ തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി ഇൻചാർജ് വി.സി. മനോജ്, വിഇഒ വി.എം. ഷൈജിത്, കെൽട്രോൺ പ്രതിനിധികളായ സുജയ് കൃഷ്ണൻ, മനു ബേബി, ഗവ. കോളജ് എൻഎസ്എസ് കോഓർഡിനേറ്റർ ഹരിതകർമസേന അംഗങ്ങളായ മർഫി ഷിജി, റംല, ജീന, നിഷ തുടങ്ങിയവർ നേതൃത്വം നൽകി.
പരിശീലനം നേടിയ വിദ്യാർഥികളുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ വിവിധ വാർഡുകളിൽ വിവരശേഖരണവും വീടുകളിലും സ്ഥാപനങ്ങളിലും ക്യുആർ കോഡ് പതിക്കലും ആരംഭിച്ചു. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവമാലിന്യങ്ങൾ ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട് വാർഡ് തലം മുതൽ സംസ്ഥാന തലം വരെ ഏകീകൃത സംവിധാനത്തിലൂടെ ഏകോപിപ്പിക്കാൻ കഴിയുമെന്നതാണ് ഹരിതമിത്രം ആപ്പിന്റെ പ്രത്യേകത. എൻറോൾമെന്റ് ചെയ്യുന്ന സ്ഥലത്തിന്റെ ജിയോലൊക്കേഷനും ഫോട്ടോയും ആപ്പിൽ രേഖപ്പെടുത്തും. മാലിന്യ സംസ്കരണ പ്രവർത്തനങ്ങളിൽ ഹരിതകർമസേനയുമായി സഹകരിക്കാത്ത വീടുകളെയും സ്ഥാപനങ്ങളെയും ആപ്പ് വഴി സംസ്ഥാനതലം വരെയുള്ളവർക്ക് കണ്ടെത്താൻ കഴിയും. മാലിന്യശേഖരണവുമായി ബന്ധപ്പെട്ട പരാതികൾ രേഖപ്പെടുത്തുന്നതിന് ഗുണഭോക്താക്കൾക്കും അവസരമുണ്ടാകും.