തിരുവനന്തപുരം∙ തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്കു മുന്നോടിയായി വൻ പ്രഖ്യാപനങ്ങളുമായി സര്‍ക്കാര്‍. സാമൂഹ്യക്ഷേമ പെന്‍ഷന്‍ 1600 രൂപയില്‍നിന്ന് 2000 രൂപയായി വര്‍ധിപ്പിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, പെന്‍ഷന്‍കാര്‍ എന്നിവര്‍ക്കു നല്‍കാനുള്ള ഒരു ഗഡു ഡിഎ കുടിശിക 4% നവംബറിലെ ശമ്പളത്തിനൊപ്പം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്ത്രീ സുരക്ഷയ്ക്കു സഹായം നല്‍കുന്ന പുതിയ പദ്ധതി പ്രകാരം ആയിരം രൂപ വീതം അര്‍ഹരായ സ്ത്രീകള്‍ക്കു നല്‍കും. 33 ലക്ഷത്തിലേറെ സ്ത്രീകള്‍ക്കു സഹായം കിട്ടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാമൂഹിക ക്ഷേമ പദ്ധതികളില്‍ ഗുണഭോക്താക്കള്‍ അല്ലാത്ത ട്രാന്‍സ് വനിതകൾ അടക്കമുള്ള, പാവപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് എല്ലാമാസവും സാമ്പത്തിക സഹായം ലഭിക്കും. 35-60 വയസ്സുവരെയുള്ളവർ പദ്ധതിയുടെ ഭാഗമാകും. നിലവില്‍ ഏതെങ്കിലും സാമൂഹിക ക്ഷേമ പെന്‍ഷന്‍ ലഭിക്കാത്തവരെയാണ് പദ്ധതിയിൽ പരിഗണിക്കുന്നത്. എ,എവൈ മഞ്ഞക്കാര്‍ഡ്, പിഎച്ച്എച്ച് മുന്‍ഗണനാവിഭാഗം, പിങ്ക് കാര്‍ഡ് വിഭാഗത്തില്‍പ്പെട്ട സ്ത്രീകൾ പദ്ധതിയുടെ ഭാഗമാകും.
ഇതിനൊപ്പം യുവാക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ് പദ്ധതിയും പ്രഖ്യാപിച്ചു. പ്രതിവര്‍ഷ കുടുംബവരുമാനം ഒരു ലക്ഷം രൂപയ്ക്കു താഴെയുള്ള വിദ്യാര്‍ഥികള്‍ക്ക് പ്രതിമാസം ആയിരം രൂപ വീതം നല്‍കും. ആശാവര്‍ക്കര്‍മാരുടെ പ്രതിമാസ ഓണറേറിയം ആയിരം രൂപ വര്‍ധിപ്പിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇതുവരെയുള്ള കുടിശിക നല്‍കും.
സാക്ഷരതാ പ്രേരക്മാരുടെ പ്രതിമാസ ഓണറേറിയം ആയിരം രൂപയായി വര്‍ധിപ്പിക്കും. ഇതുവരെയുള്ള കുടിശിക നല്‍കും. പ്രീപ്രൈമറി ടീച്ചര്‍മാരുടെയും ആയമാരുടെയും പ്രതിമാസ വേതനം ആയിരം രൂപ വര്‍ധിപ്പിച്ചു. ഗസ്റ്റ് ലക്ചര്‍മാരുടെ പ്രതിമാസ വേതനം പരമാവധി 2000 രൂപ വരെ വര്‍ധിപ്പിക്കും. റബര്‍ കര്‍ഷകര്‍ക്കു നല്‍കിവരുന്ന റബറിന്റെ താങ്ങുവില കിലോയ്ക്ക് 180 രൂപയില്‍നിന്ന് 200 രൂപയാക്കി ഉയര്‍ത്തും. നവംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. നെല്ലിന്റെ സംഭരണ വില 28.20ല്‍നിന്ന് 30 രൂപയായി വര്‍ധിപ്പിക്കാനും തീരുമാനിച്ചു.














