ബെംഗളൂരു: കർണാടക ടൂറിസം വികസന കോർപ്പറേഷൻ (കെഎസ്ടിഡിസി) തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിൽ വയനാട്ടിലെ വിനോദസഞ്ചാര സാധ്യതകൾ പ്രചരിപ്പിച്ചത് കർണാടകയിൽ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തി. വയനാട് എംപി പ്രിയങ്ക ഗാന്ധിയെ പ്രീണിപ്പിക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്യുകയാണെന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തി.
ഒക്ടോബർ 28-നാണ് കെഎസ്ടിഡിസി തങ്ങളുടെ ‘എക്സ്’ അക്കൗണ്ടിൽ വയനാട്ടിലേക്കുള്ള ടൂർ പാക്കേജ് പ്രോത്സാഹിപ്പിച്ച് പോസ്റ്റിട്ടത്. ‘ആവേശം ത്രില്ലാണോ അതോ ശാന്തതയാണോ? വയനാട്ടിൽ രണ്ടും കണ്ടെത്തുക!’, ‘കെഎസ്‌ടിഡിസിയുമായി കാടിനെ കണ്ടുമുട്ടൂ’ എന്നിങ്ങനെയുള്ള വാചകങ്ങളോടെ ബെംഗളൂരുവിൽ നിന്നുള്ള വയനാട് പാക്കേജിന്റെ വിവരങ്ങളാണ് പങ്കുവെച്ചത്.ഇതിനെതിരെ രൂക്ഷ വിമർശനവുമായി നിയമസഭാ പ്രതിപക്ഷ നേതാവ് ആർ. അശോക ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ രംഗത്തുവന്നു.
മുഖ്യമന്ത്രി സിദ്ധരാമയ്യ പെരുമാറുന്നത് കർണാടകയുടെ മുഖ്യമന്ത്രിയായിട്ടല്ല, മറിച്ച് വയനാടിന്റെ ജില്ലാ കളക്ടറെപ്പോലെയാണെന്ന് അശോക പരിഹസിച്ചു. കർണാടകയിലെ നികുതിദായകരുടെ പണം ഉപയോഗിച്ച് വയനാട്ടിൽ ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് 15 ലക്ഷം രൂപ നൽകിയതും, 10 കോടി രൂപ വയനാടിനായി അനുവദിച്ചതും അദ്ദേഹം ചൂണ്ടിക്കാട്ടി. കോൺഗ്രസ് ഹൈക്കമാൻഡിനെ പ്രീതിപ്പെടുത്തി കസേര ഉറപ്പിക്കാനാണ് സിദ്ധരാമയ്യയുടെ ശ്രമമെന്നും ബിജെപി ആരോപിച്ചു.
 
            













