നിലമ്പൂർ ∙ രാവിലെ ചായ കിട്ടാത്തതിൽ പ്രകോപിതയായ അമ്മായിയമ്മ, യുവതിയെ വെട്ടിക്കൊന്നത് പിഞ്ചുമക്കൾക്കൊപ്പം ഉറങ്ങിക്കിടക്കുമ്പോൾ. കരുളായി ചെട്ടിയിൽകുണ്ടുങ്ങൽ പുളിക്കത്തടത്തിൽ സുനിൽബാബുവിന്റെ ഭാര്യ രജില (30) ആണു മരിച്ചത്. പ്രതി ശാന്തയെ (70) പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ ആറിനാണ് സംഭവം. ഓട്ടോ ഡ്രൈവറായ സുനിൽബാബു ജോലിക്കു പോയിരുന്നു.ചായ കിട്ടാതായതോടെ രോഷാകുലയായ ശാന്ത വാക്കത്തിയുമായി വന്ന്, മുറി തള്ളിത്തുറന്ന് രജിലയെ പലതവണ വെട്ടി. ചോര ചീറ്റുന്ന അവസ്ഥയിൽ പുറത്തേക്കോടുന്നതിനിടെ രജില വാതിൽക്കൽ തളർന്നുവീണു. കുഞ്ഞുങ്ങളുടെ നിലവിളി കേട്ടെത്തിയവർ രജിലയെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. കഴുത്തിലും മുഖത്തും തലയിലും കയ്യിലും വെട്ടേറ്റിട്ടുണ്ട്. കഴുത്തിലെ ആഴത്തിലുള്ള മുറിവാണ് മാരകമായത്.
ശാന്തയെ സ്റ്റേഷനിലെത്തിച്ചു ചോദ്യംചെയ്ത് അറസ്റ്റ് രേഖപ്പെടുത്തി. ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കു വിധേയയാക്കിയ ശേഷം സംഭവസ്ഥലത്ത് എത്തിച്ചു തെളിവെടുത്തു. വാക്കത്തി കണ്ടെടുത്തു. തുടർന്നു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കരുളായി വാസുപ്പടിയിലെ രാജന്റെയും വത്സലയുടെയും മകളാണ് രജില. മക്കൾ: തീർഥ, റിഷിക. പോസ്റ്റ്മോർട്ടം നടത്തി. ഇന്ന് രാവിലെ ഒൻപതിന് വാസുപ്പടിയിലെ വീട്ടുവളപ്പിൽ സംസ്കരിക്കും.














