തൊണ്ടര്‍നാട്: തൊണ്ടര്‍നാട് ഗ്രാമ പഞ്ചായത്തില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ നടന്ന സാമ്പത്തിക തട്ടിപ്പിന്റെ ഉള്ളുകള്ളികള്‍ ഓരോന്നായി പുറത്തേക്ക്. കോറോം ദേശീയ ആയുര്‍വേദിക് ഫാര്‍മസിയില്‍ നിന്നും കര്‍പ്പൂരാദി തൈലം വാങ്ങിയതിന്റെ ബില്ലുപയോഗിച്ചും കിണറ്റിങ്ങലില്‍ നിന്നും വഞ്ഞോടേക്ക് പോയ വാഹനത്തിന്റെ ട്രിപ്പ്ഷീറ്റ് രേഖയാക്കി സൂക്ഷച്ചുമൊക്കെയാണ് രണ്ട് കോടിയിലധികം രൂപാ തട്ടിയെടുത്തതെന്നാണ് അന്വേഷണ സംഘം പരിശോധിച്ച് കണ്ടെത്തിയത്. ഇതെല്ലാം വ്യക്തമാക്കിക്കൊണ്ട് തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് വിവരാവകാശനിയമപ്രകാരം ലഭ്യമായപ്പോഴാണ് തട്ടിപ്പിന്റെ വ്യാപ്തി വ്യക്തമവുന്നത്.
സെക്രട്ടറി ഒപ്പു വെക്കുകയോ നമ്പറിടുകയോ ചെയ്യാത്തതും പൂര്‍ണ്ണമല്ലാത്തതോ ആയ എം ബുക്കുകളാണ് കൂടുതലും രേഖകളിലുള്ളത്.കൃത്യമായ എം ബുക്ക് രേഖപ്പെടുത്തലുകളില്ലാതെ പണകൈമാറാന്‍ ശ്രമിക്കുമ്പോള്‍ രേഖകള്‍ പരിശോധിച്ച് അത് തടയേണ്ടിയിരുന്ന അസിസ്റ്റന്റ് സെക്രട്ടറിയും സെക്രട്ടറിയും ഗുരുതരമായ കൃത്യവിലോപം കാണിച്ചതായി റിപ്പോര്‍ട്ടിന്റെ 9-ാം പേജില്‍ പറയുന്നുണ്ട്.തൊഴിലുറപ്പ് പദ്ധതിയിലെ പ്രവൃത്തികള്‍ തുടങ്ങുന്നതിന് മുമ്പും 50 ശതമാനം പിന്നിടുമ്പോഴും പ്രവൃത്തി പൂര്‍ത്തിയായാലും അതാത് സമയത്തെ ഫോട്ടോകള്‍ ജിയോടാഗ് നടത്തി അപ് ലോഡ് ചെയ്യണമെന്നാണ് നിയമം.
എന്നാല്‍ തൊണ്ടര്‍നാട്ടില്‍ അപ് ലോഡ് ചെയ്ത 156 പ്രവൃത്തികളുടെ ഫോട്ടോ മുഴുവന്‍ ഇരുട്ട് മാത്രമാണെന്ന് പരിശോധനയില്‍ കണ്ടെത്തി. പല ഫോട്ടോകളും അപ് ലോഡ് ചെയ്തതുമില്ല.ചെയ്തിട്ടില്ലാത്ത പല പ്രവൃത്തികളുടെയും കൃത്രിമ ഫോട്ടോകളും കറുപ്പ് ഫോട്ടോകളും വ്യക്തതയില്ലാത്ത ഫോട്ടോകളും ടാഗ് ചെയ്ത് പണം കൈമാറിയിട്ടുണ്ട്.റിയാസ് ഓവര്‍സിയര്‍ എന്ന പേരില്‍ ലോഗിന്‍ ചെയ്ത് അപ് ലോഡ് ചെയ്ത ജിയോടാഗിലാണ് ഇത്തരം കൃത്രിമത്വങ്ങളുള്ളത്.40 തോടുകളുടെ പുനരുദ്ധാരണത്തിനായി കയര്‍മാറ്റ് വിരിക്കുന്നതായി എസ്റ്റിമേറ്റില്‍ കാണിച്ച് കയര്‍മാറ്റ് വാങ്ങുകയോ വിരിക്കുകയോ ചെയ്യാതെ 16,81,541 രൂപാ ടെണ്ടര്‍ക്ക് കൈമാറിയിട്ടുണ്ട്.നജീബ് വി എന്നയാള്‍ക്ക് 1502541 രൂപയും പ്രസാദ് കെ സി എന്നയാള്‍ക്ക് 187000 രൂപയുമാണ് യാതൊരു പ്രവൃത്തിയും ചെയ്യാതെ കൈമാറിയത്.
വ്യാജബില്ലുണ്ടാക്കി പണം കൈമാറുന്നതിന് കൂട്ടു നിന്ന നാല് കരാര്‍ ജീവനക്കാരും യാതൊരുവിധ പരിശോധന പോലും നടത്താതെ തുകകൈമാറാന്‍ അവസരമൊരുക്കിയ അസിസ്റ്റന്റ് സെക്രട്ടറി സെക്രട്ടറി എന്നിവരും ഗുരുതരമായ വീഴ്ച വരുത്തയിനാലാണ് സര്‍ക്കാര്‍ ഖജനാവില്‍ നിന്നും രണ്ട് കോടി ഏഴു ലക്ഷത്തോളം രൂപാ നഷ്ടമായതെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.
 
            













