Listen live radio

പുതിയ വകഭേദം ഉണ്ടോയെന്നറിയാന്‍ കൂടുതല്‍ പരിശോധന: മന്ത്രി വീണാ ജോര്‍ജ്

അവധിക്കാലം കൂടുതല്‍ ശ്രദ്ധിക്കണം; മറക്കരുത് മാസ്‌ക്

after post image
0

- Advertisement -

തിരുവനന്തപുരം: മറ്റ് രാജ്യങ്ങളില്‍ കോവിഡ് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. എല്ലാ ജില്ലകളും ജാഗ്രതയിലാണ്. ജില്ലകള്‍ പ്രത്യേകം യോഗം ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങളും നിരീക്ഷണവും ശക്തമാക്കി വരുന്നു. കേസുകള്‍ എവിടെയെങ്കിലും കൂടുന്നതായി കണ്ടാല്‍ ഉടനടി റിപ്പോര്‍ട്ട് ചെയ്യാനും അതനുസരിച്ച് പ്രതിരോധം ശക്തമാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. വെള്ളിയാഴ്ച എല്ലാ ജില്ലകളുടേയും പ്രവര്‍ത്തനങ്ങള്‍ ആരോഗ്യ വകുപ്പ് അവലോകനം ചെയ്യുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

പുതിയ വകഭേദങ്ങളെ നിരീക്ഷിക്കാനായി കൂടുതല്‍ കോവിഡ് സാമ്പിളുകള്‍ ജനിതക ശ്രേണീകരണത്തിന് അയക്കാന്‍ ജില്ലകള്‍ക്ക് നിര്‍ദേശം നല്‍കി. വിവിധ കോവിഡ് വകഭേദങ്ങളെ കണ്ടെത്തുന്നതിനായി സമ്പൂര്‍ണ ജീനോമിക് സര്‍വയലന്‍സാണ് (ഡബ്ല്യു.ജി.എസ്.) നടത്തുക. ഓരോ ജില്ലയ്ക്കും നിശ്ചയിക്കപ്പെട്ടിട്ടുള്ള ലാബുകളില്‍ ജനിതക നിര്‍ണയത്തിനായി സാമ്പിളുകള്‍ അയയ്‌ക്കേണ്ടതാണ്. ഏതെങ്കിലും ജില്ലകളില്‍ കോവിഡ് വകഭേദങ്ങള്‍ കണ്ടെത്തിയാല്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യാനും അതനുസരിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാനും നിര്‍ദേശം നല്‍കി. ആശുപത്രികളില്‍ അഡ്മിറ്റാകുന്ന ശ്വാസകോശ സംബന്ധമായ രോഗങ്ങളുള്ളവര്‍ക്ക് കോവിഡ് പരിശോധന നടത്തുന്നതാണ്. കൂടാതെ തീവ്രമായ പനി, തൊണ്ടവേദന, ശ്വാസതടസം എന്നിവയുള്ളവര്‍ക്കും കോവിഡ് പരിശോധന നടത്തും.

അവധിക്കാലമായതിനാല്‍ കൂടുതല്‍ ശ്രദ്ധിക്കണം. മാസ്‌ക് വയ്ക്കാതെ പൊതുസ്ഥലങ്ങളിലും ആള്‍ക്കൂട്ടത്തിലും ഇറങ്ങരുത്. മാസ്‌ക് താഴ്ത്തി സംസാരിക്കരുത്. പനി, ചുമ, ജലദോഷം തുടങ്ങിയ രോഗലക്ഷണങ്ങളുള്ളവര്‍ പ്രായമായവരോടും കുട്ടികളോടും അടുത്തിടപഴകരുത്. പ്രായമായവര്‍ക്കും അനുബന്ധ രോഗമുള്ളവര്‍ക്കും കുട്ടികള്‍ക്കും പ്രത്യേക കരുതല്‍ വേണം. പുറത്ത് പോയി വന്നതിന് ശേഷം സോപ്പും വെള്ളവുമുപയോഗിച്ച് കൈ കഴുകുന്നത് ശീലമാക്കണം.

Leave A Reply

Your email address will not be published.