ഷിംല∙ 14വയസ്സുകാരന്റെ ലൈംഗികാതിക്രമത്തിനിരയായി ചികിത്സയിലായിരുന്ന 40കാരി മരിച്ചു. ഹിമാചൽ പ്രദേശിലെ ഹാമിർപുരിലാണ് സംഭവം. ഇതേത്തുടർന്ന് ബന്ധുക്കൾ മൃതദേഹവുമായി ദേശീയപാത ഉപരോധിച്ചു. നവംബർ 3നായിരുന്നു ഹാമിർപുരിലെ സസൻ ഗ്രാമത്തിൽ 40കാരിക്ക് നേരെ 14കാരന്റെ ലൈംഗികാതിക്രമമുണ്ടായത്. വയലിൽ പുല്ലരിയുകയായിരുന്ന സ്ത്രീയെ വലിച്ചിഴച്ച് പീഡിപ്പിക്കുകയായിരുന്നു. സ്ത്രീ എതിർത്തതോടെ ക്രൂരമായി മർദിക്കുകയും ചെയ്തു.
ഗുരുതരമായി പരുക്കേറ്റ നിലയിൽ ഗ്രാമീണർ ഇവരെ കണ്ടെത്തുകയായിരുന്നു. ആദ്യം ഹാമിർപുർ മെഡിക്കൽ കോളജിലും പിന്നീട് ചണ്ഡീഗഡിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ടിലും ചികിത്സയ്ക്ക് എത്തിച്ചെങ്കിലും ഇന്ന് മരണം സംഭവിച്ചു. സംഭവത്തിൽ അറസ്റ്റിലായ 14കാരൻ കുറ്റം സമ്മതിച്ചിട്ടുണ്ട്. പിന്നാലെ ജുവനൈൽ ഹോമിൽ താമസിപ്പിച്ചിരിക്കുകയാണ്. 14കാരന് കടുത്ത ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടാണ് മരിച്ച സ്ത്രീയുടെ ബന്ധുക്കൾ ദേശീയപാത ഉപരോധിച്ചത്. മുഖ്യമന്ത്രി സുഖ്വിന്ദർ സിങ് സുകു ഫോണിലൂടെ ഉറപ്പു നൽകിയതിനു പിന്നാലെയാണ് മൂന്നു മണിക്കൂർ നീണ്ട ഉപരോധം അവസാനിപ്പിച്ചത്.














