കർണാടക വനത്തിൽ നിന്ന് കാട്ടുപോത്തിനെ വേട്ടയാടി ഇറച്ചി വിൽപ്പന നടത്തിയ കേസിൽ ഒളിവിലായിരുന്ന നാല് പേരെ കൂടി വനംവകുപ്പ് അറസ്റ്റ് ചെയ്തു. കാപ്പിസെറ്റ് സ്വദേശി ടി.ആർ. വിനേഷ് (39), ചണ്ണോത്തുകൊല്ലി സ്വദേശി കെ.ടി. അഭിലാഷ് (41), കുന്നത്തുകവല സ്വദേശി സണ്ണി തോമസ് (51), മാടപ്പള്ളിക്കുന്ന് സ്വദേശി ഐ.ബി. സജീവൻ (49) എന്നിവരാണ് പിടിയിലായത്.ശിശുമലയിലെ കുരിശുമലയിൽ ഒളിവിൽ കഴിയുകയായിരുന്ന മൂന്നുപേരെയും, മറ്റൊരാളെ തറവാട്ടുവീട്ടിൽ നിന്നുമാണ് പിടികൂടിയത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം പത്തായി. നേരത്തെ അറസ്റ്റിലായ ആറ് പ്രതികൾ നിലവിൽ റിമാൻഡിലാണ്.പ്രതികളിൽ നിന്ന് വേട്ടയ്ക്കുപയോഗിച്ച നാടൻ തോക്ക്, തിരകൾ, കത്തികൾ എന്നിവ വനംവകുപ്പ് കണ്ടെടുത്തിട്ടുണ്ട്. അറസ്റ്റിലായ പ്രതികളുമായി വേട്ട നടന്ന കർണാടക വനത്തിലെത്തി തെളിവെടുപ്പ് നടത്തിയപ്പോൾ കാട്ടുപോത്തിന്റെ തലയും അസ്ഥികളും ഉൾപ്പെടെയുള്ള അവശിഷ്ടങ്ങൾ കണ്ടെടുത്തു. കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും വനംവകുപ്പ് അറിയിച്ചു.ചെതലത്ത് റേഞ്ച് ഓഫീസർ എം.കെ. രാജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ ബത്തേരി കോടതിയിൽ ഹാജരാക്കും.














