ലോൺ അടയ്ക്കാമെന്ന വ്യവസ്ഥയിൽ വാടകയ്ക്കെടുത്ത ലോറികളുടെ തിരിച്ചടവ് മുടക്കുകയും വാഹനം തിരികെ നൽകാതെ വഞ്ചിക്കുകയും ചെയ്തെന്ന പരാതിയിൽ സഹകരണ സംഘം ഭാരവാഹികൾക്കെതിരെ പോലീസ് കേസെടുത്തു.വയനാട് ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഭാരവാഹികളായ പ്രസിഡന്റ് ജോസ് പാറപ്പുറം, വൈസ് പ്രസിഡന്റ് കുഞ്ഞി മുഹമ്മദ് എന്നിവർക്കെതിരെയാണ് രാജപുരം പോലീസ് കേസെടുത്തത്. കോടോം ഉദയപുരം ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ ഉടമസ്ഥതയിലുള്ള രണ്ട് ലോറികൾ വാടകയ്ക്കെടുത്ത വകയിൽ 27 ലക്ഷം രൂപ ലഭിക്കാനുണ്ടെന്നാണ് പരാതി.2024 ജൂലൈ മുതൽ വാഹനങ്ങളുടെ ലോൺ അടയ്ക്കാമെന്നും വാടക നൽകാമെന്നും പറഞ്ഞാണ് ലോറികൾ വാടകയ്ക്കെടുത്തത്. എന്നാൽ, പിന്നീട് ലോൺ അടയ്ക്കുകയോ വാഹനം തിരികെ നൽകുകയോ ചെയ്യാതെ വഞ്ചിച്ചുവെന്ന് സൊസൈറ്റി സെക്രട്ടറി കെ.വി. ലേഖയുടെ പരാതിയിൽ പറയുന്നു.














