കല്‍പ്പറ്റ: പുത്തുമല, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതയായ സ്ത്രീയെ വീടുപണിക്ക് ലോണ്‍ ശരിയാക്കി നല്‍കാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയയാളെ കല്‍പ്പറ്റ പോലീസ് പിടികൂടി. തിരുനെല്ലി, വെങ്ങാട്ട് വീട്ടില്‍, ഇഗ്‌നേഷ്യസ് അരൂജ(55)യെയാണ് തിങ്കളാഴ്ച രാത്രി മാനന്തവാടിയില്‍ വെച്ച് കസ്റ്റഡിയിലെടുത്തത്. നിരക്ഷരയും സാധാരണക്കാരിയുമായ സ്ത്രീയില്‍ നിന്ന് ലോണിനുള്ള പ്രോസസിങ് ചാര്‍ജ് എന്ന രീതിയിലാണ് 6,05,000 രൂപ ഇയാളും സംഘവും കവര്‍ന്നെടുത്തത്. ഇയാള്‍ നിരവധി കേസുകളിലെ പ്രതിയാണ്. സംഭവത്തില്‍ രണ്ടുപേരെ കുടി പിടികൂടാനുണ്ട്. 2023 ഡിസംബറിലാണ് സംഭവം. കല്‍പ്പറ്റയിലെ ഒരു ഹോട്ടലില്‍ ജോലി ചെയ്തു വന്ന മദ്ധ്യവയസ്‌കയായ പരാതിക്കാരിയെ വീടുപണിക്ക് ലോണ്‍ നല്‍കാമെന്ന് പറഞ്ഞ് വിശ്വാസം നേടിയെടുത്താണ് തട്ടിപ്പ് നടത്തിയത്. പരാതിക്കാരിയെ ബാംഗ്‌ളൂരുവിലെ ഏതോ സ്ഥാപനത്തിലെത്തിച്ച് സ്വന്തം സ്ഥാപനമാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച ശേഷം പ്രോസസിങ് ചാര്‍ജ് എന്ന പേരില്‍ കല്‍പ്പറ്റയിൽ വെച്ചാണ് ആദ്യം 50000 രൂപ വാങ്ങിയെടുത്തത്. ശേഷം, രണ്ട് തവണകളിലായി 5,55,000 രൂപയും വാങ്ങിയെടുത്തു. അയല്‍വാസികളില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ വാങ്ങി പണയം വെച്ചാണ് പരാതിക്കാരി പണം കണ്ടെത്തിയത്. നാളുകള്‍ കഴിഞ്ഞിട്ടും ലോണ്‍ ശരിയാക്കി തരുകയോ പണം തിരികെ നല്‍കുകയോ ചെയ്യാത്തതിനാല്‍ പണം തിരികെ ചോദിച്ചപ്പോള്‍ ഇവര്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.പരാതിക്കാരി 2019-ലെ പുത്തുമല ഉരുള്‍പൊട്ടല്‍ ദുരന്തത്തിലും, 2024ലെ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിലും ബാധിക്കപ്പെട്ടയാളാണ്. സ്വന്തമായി സ്ഥലമില്ലാത്ത മിച്ചഭൂമിയില്‍ താമസിക്കുന്ന എഴുത്തും വായനയും അറിയാത്ത പരാതിക്കാരിയെ പ്രതികള്‍ സമര്‍ത്ഥമായി കബളിപ്പിക്കുകയായിരുന്നു. ഇവര്‍ സ്വര്‍ണം കടമായി വാങ്ങിയവരും സാധാരണക്കാരും കൂലിപ്പണിക്കാരുമാണ്. സ്വര്‍ണം തിരിച്ചുകിട്ടാത്തതിനാല്‍ ഇവര്‍ നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. തന്റെ വൃക്ക സഹോദരന് ദാനം ചെയ്തതിനാല്‍ ഇവര്‍ ആരോഗ്യപ്രശ്‌നങ്ങളും നേരിടുന്നുണ്ട്. പ്രതികളുമായി മദ്ധ്യസ്ഥ ചര്‍ച്ച ഇവര്‍ നിരവധി തവണ നടത്തിയിരുന്നെങ്കിലും പണം തിരികെ നൽകിയില്ല. ചെക്കുകള്‍ നല്‍കിയതും മടങ്ങി. സബ് ഇൻസ്‌പെക്ടർ വിമൽ ചന്ദ്രന്റെ നേതൃത്വത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അനൂപ്, ഷജീർ, അരുൺരാജ്, മാനന്തവാടി സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ ജോയ്സ് ജോൺ, സിപിഓ അരുൺഎന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ പിടികൂടിയത്.














