മാനന്തവാടി: മൂന്ന് കോടിയിലധികം രൂപയുടെ കുഴൽപണവുമായി മുഖ്യ സൂത്രധാരനടക്കം അഞ്ച് യുവാക്കൾ വയനാട് പോലീസിന്റെ പിടിയിൽ. വടകര, മെൻമുണ്ട, കണ്ടിയിൽ വീട്ടിൽ, സൽമാൻ (36), വടകര, അമ്പലപറമ്പത്ത് വീട്ടിൽ, ആസിഫ്(24), വടകര, വില്യാപ്പള്ളി, പുറത്തൂട്ടയിൽ വീട്ടിൽ, റസാക്ക്(38), വടകര, മെൻമുണ്ട, ചെട്ടിയാംവീട്ടിൽ, മുഹമ്മദ് ഫാസിൽ (30) ,താമരശ്ശേരി, പുറാക്കൽ വീട്ടിൽ അപ്പു എന്ന മുഹമ്മദ് എന്നിവരെയാണ് ജില്ലാ പോലീസ് മേധാവിയുടെ സ്‌പെഷ്യൽ സ്ക്വാഡും മാനന്തവാടി പോലീസും കസ്റ്റംസും ചേർന്ന് പിടികൂടിയത്.
വയനാട് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഓപ്പറേഷൻ. 31511900 രൂപയാണ് കാറിന്റെ രഹസ്യ അറയിൽ നിന്ന് കണ്ടെത്തിയത്. ആസിഫ്, റസാക്ക്, മുഹമ്മദ് ഫാസിൽ എന്നിവരെ കാറിൽ പണവുമായി 20.11.2025 തീയതി പുലർച്ചെയും ഇവരിൽ നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ മുഖ്യ സൂത്രധാരനായ സൽമാൻ, സുഹൃത്ത് മുഹമ്മദ് എന്നിവരെ പിന്നീടും പോലീസ് പിടികൂടി.
20.11.2025 തീയതി പുലർച്ചെ ചെറ്റപാലത്ത് വെച്ച് നടത്തിയ ഓപ്പറേഷനിലാണ് പണവുമായി യുവാക്കൾ വലയിലായത്. നിരോധിത മയക്കുമരുന്നുകൾ കടത്തുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന. പട്രോളിങ് ഡ്യൂട്ടിയിലുള്ള പോലീസുകാരും പ്രത്യേക സ്ക്വാഡും ചേർന്ന് നടത്തിയ പരിശോധനയിൽ KL-18-AG-4957 Hyundai Creta കാർ സംശയാസ്പദമായി കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചു. തുടർന്ന്, കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണർ ശ്യാം നാനാഥിന്റെ നേതൃത്വത്തിലുള്ള പത്തംഗ സംഘവും പോലീസും നടത്തിയ വിശദമായ പരിശോധനയിൽ വാഹനത്തിൻ്റെ ഡ്രൈവർ സീറ്റിനും പാസഞ്ചർ സീറ്റിനും അടിയിലായി നിർമിച്ച പ്രത്യേക അറയിൽ നിന്നാണ് പണം കണ്ടെത്തിയത്.
അഞ്ഞൂറിന്റെയും ഇരുന്നൂറിന്റെയും നൂറിന്റെയും നോട്ടുകെട്ടുകൾ അടുക്കിവെച്ച നിലയിലായിരുന്നു.കസ്റ്റംസും പോലീസും കസ്റ്റഡിയിലെടുത്ത മൂന്നു പേരെയും വിശദമായി ചോദ്യം ചെയ്തതിൽ നിന്നാണ് മുഖ്യ സൂത്രധാരനായ സൽമാന്റെ പങ്ക് വ്യക്തമാവുന്നത്.
സൽമാന്റെ നിർദ്ദേശത്തെ തുടർന്നാണ് ബാംഗ്ലൂരിലെ കെ ആർ നഗർ എന്ന സ്ഥലത്തുനിന്ന് രണ്ടുപേർ സ്കൂട്ടറിൽ പ്ലാസ്റ്റിക് ചാക്കുകളിൽ പണം എത്തിക്കുകയും അവിടെവച്ച് കാറിൽ പ്രത്യേകം തയ്യാറാക്കിയ രഹസ്യ അറയിൽ പണം അടുക്കിവെച്ച് മൂന്നു യുവാക്കളും ബാംഗ്ലൂരിൽ നിന്ന് വടകരയിലേക്ക് പുറപ്പെടുകയും ചെയ്യുന്നത്. സൽമാൻ്റെ ലൊക്കേഷൻ പരിശോധിച്ച പോലീസ് മാനന്തവാടി കോടതിയുടെ പരിസരത്ത് നിന്ന് ഇയാളെ KL-18-N-5666 നമ്പർ മാരുതി സ്വിഫ്റ്റ് കാർ സഹിതം കസ്റ്റഡിയിലെടുത്തു. ഇയാൾക്കൊപ്പമുണ്ടായിരുന്ന മുഹമ്മദിനെയും പിടികൂടി. പണവും പ്രതികളെയും കസ്റ്റംസിന് കൈമാറി.നൂൽപ്പുഴ ഇൻസ്പെക്ടർ ശശിധരൻ പിള്ള, മാനന്തവാടി ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ പി. റഫീഖ്, എസ്.ഐ രാധാകൃഷ്ണൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ ഷിജോ മാത്യു, സി.ആർ.വിഓഫീസർ എ എസ് ഐ അഷ്റഫ്, എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്. കൈമാറിയത് ബാംഗ്ലൂർ സ്വദേശിമാനന്തവാടിയിൽ നിന്ന് പിടികൂടിയത് ബാംഗ്ലൂർ സ്വദേശി കൈമാറിയ മൂന്നു കോടിയിലധികം വരുന്ന ഇന്ത്യൻ കറൻസി. പണം ബാംഗ്ലൂരിൽ നിന്ന് കൊണ്ടുവരുന്നതിനായി ആസിഫ്, റസാക്ക്, മുഹമ്മദ് ഫാസിൽ എന്നിവരെ സൽമാൻ പറഞ്ഞയക്കുകയായിരുന്നു. പണവുമായി മൂന്ന് പേരും മാനന്തവാടിയിൽ പിടിയിലായ വിവരമറിഞ്ഞ് സുഹൃത്ത് മുഹമ്മദുമായി മാനന്തവാടിയിലെത്തിയപ്പോഴാണ് സൽമാനും വലയിലാകുന്നത്. ഹവാലാ ഇടപാടുകാരായ സൽമാനും മുഹമ്മദും ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ചിലരുടെ നിർദ്ദേശപ്രകാരം ബാംഗ്ലൂരിലെത്തി ഇന്ത്യൻ കറൻസികൾ കൈപ്പറ്റി വടകരയിൽ എത്തിച്ച് നൽകാറുണ്ടെന്നും കമ്മീഷൻ സ്വീകരിക്കാറുണ്ടെന്നും ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാനന്തവാടി ബ്രാഞ്ചിലേക്ക് പണം അടങ്ങിയ പ്ലാസ്റ്റിക് ബാഗുകൾ കസ്റ്റംസിന്റെ ഔദ്യോഗിക വാഹനത്തിൽ കയറ്റി കൊണ്ടുപോയി കൗണ്ടിംഗ് മെഷീന്റെ സഹായത്തോടെ പണം എണ്ണി തിട്ടപ്പെടുത്തിക്കുകയായിരുന്നു. കസ്റ്റംസിൽ നിന്ന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പോലീസ് പാർട്ടി നടത്തിയ അവസരോചിതമായ വാഹന പരിശോധനയിലാണ് ഇത്രയും വലിയ തുക അനധികൃതമായി കടത്തിക്കൊണ്ടു പോകുന്നത് തടയാൻ കഴിഞ്ഞത്.














