Wayanad

വയനാട്ടിൽ കോൺഗ്രസ് നേതൃത്വത്തെ സമ്മർദ്ദത്തിലാക്കി ജഷീർ പള്ളിവയൽ; പത്രിക നൽകി

കൽപറ്റ ∙ ചർച്ചകൾക്കൊടുവിൽ കോൺഗ്രസ് സ്ഥാനാർഥി പട്ടിക പുറത്തുവിട്ട വയനാട്ടിൽ വിമത സ്വരമുയർത്തി യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജഷീർ പള്ളിവയൽ. ജില്ലാ പഞ്ചായത്ത് തോമാട്ടുചാൽ ഡിവിഷനിൽ വിമതനായി മത്സരിക്കാൻ ജഷീർ പത്രിക സമർപ്പിച്ചു. ചില കോൺഗ്രസ് പ്രവർത്തകരും പത്രിക സമർപ്പിക്കാനെത്തിയ ജഷീറിനൊപ്പം ഉണ്ടായിരുന്നു.

‘‘പാർട്ടിയുടെ ജീവിക്കുന്ന രക്തസാക്ഷിയായ തന്നെ പാർട്ടിയിൽ ചിലർ അവഗണിച്ചു. പാർട്ടി ചിഹ്നത്തിൽ തന്നെ മത്സരിക്കാൻ കഴിയുമെന്നാണ് ഇപ്പോഴും പ്രതീക്ഷ. സ്ഥാനാർഥിയാക്കുമെന്ന പ്രതീക്ഷയിൽ രാത്രി 12 മണി വരെ ഡിസിസി ഓഫിസിനു മുന്നിൽ കാത്തു നിന്നു. ഇതിനിടെ 21 തവണയാണ് മറ്റു പാർട്ടിയിലെ നേതാക്കൾ സീറ്റു നൽകാമെന്ന വാഗ്ദാനവുമായി ബന്ധപ്പെട്ടത്. എന്നെ പരിഗണിക്കില്ലെന്നത് ഞാൻ അറിയും മുൻപ് മറ്റു പാർട്ടിക്കാർ അറിഞ്ഞു എന്നതിലാണ് വിഷമം. ഞാൻ ജനിച്ച നാട്ടിൽ എന്റെ ജനങ്ങൾക്ക് വേണ്ടി കൂടുതൽ ചെയ്യാനാകുമെന്ന ആഗ്രഹത്തിന്റെ ഭാഗമായാണ് പത്രിക സമർപ്പിച്ചത്. ‘തളരില്ല തോമാട്ടുച്ചാൽ’ എന്നതാകും എന്റെ മുദ്രാവാക്യം. ജീവിതാവസാനം വരെ കോൺഗ്രസുകാരനായിരിക്കും.’’ – പത്രിക സമർപ്പിച്ച ശേഷം ജഷീർ മാധ്യമങ്ങളോടു പറഞ്ഞു. രണ്ട് തവണ ജംഷീർ കോണ്‍ഗ്രസ് ചിഹ്നത്തിൽ ബ്ലോക്ക് പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

വയനാട് ജില്ലയിൽ പത്രിക സമർപ്പണം പൂർത്തിയായപ്പോൾ യുഡിഎഫിൽ നെന്മേനി പഞ്ചായത്തിലെ നാലു വാർഡിൽ മുസ്‌ലിം ലീഗും കോൺഗ്രസും തമ്മിൽ ആണ് മത്സരം. പനമരം ബ്ലോക്കിൽ സംഷാദ് മരക്കാർക്കെതിരെ മുൻ പഞ്ചായത്ത് പ്രസിഡൻറ് ബിനു ജേക്കബും പത്രിക നൽകി. എൽഡിഎഫിൽ ഭിന്നതയുള്ള തിരുനെല്ലി ചേലൂർ വാർഡിൽ സിപിഎം സിപിഐ സ്ഥാനാർഥികൾ പത്രിക നൽകി.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.