കൽപ്പറ്റ: ഡിസംബർ ആദ്യവാരത്തോടെ ജില്ലയിൽ കാപ്പി വിളവെടുപ്പ് സജീവമാകാനിരിക്കെ, അപ്രതീക്ഷിതമായി എത്തിയ മഴ കർഷകരെ ആശങ്കയിലാഴ്ത്തുന്നു.വിളവെടുപ്പ് പൂർത്തിയാകും മുമ്പ് മഴ പെയ്ത് ചെടികൾ പൂക്കുന്നത് അടുത്ത വർഷത്തെ ഉൽപാദനത്തെ കാര്യമായി ബാധിക്കും എന്നതാണ് പ്രധാന വെല്ലുവിളി. കൂടാതെ, കാലാവസ്ഥാ വ്യതിയാനം മൂലം പലയിടത്തും കാപ്പി നേരത്തെ പഴുത്തുതുടങ്ങിയിട്ടുണ്ട്. ശക്തമായ മഴ തുടർന്നാൽ ഇവ പൊഴിഞ്ഞുപോയി നശിക്കാൻ സാധ്യതയേറെയാണ്.കഴിഞ്ഞ വർഷം ഉണ്ടക്കാപ്പിക്ക് 300 രൂപയിലധികം വില ലഭിച്ചതിനാൽ, ഇത്തവണയും മികച്ച വില പ്രതീക്ഷിച്ച് കർഷകർ കൃഷിയിടങ്ങളിൽ വലിയ മുതൽമുടക്ക് നടത്തിയിരുന്നു.
നിലവിൽ 230 രൂപയാണ് വിലയെങ്കിലും സീസണിൽ വർദ്ധനവുണ്ടാകുമെന്ന പ്രതീക്ഷയ്ക്കിടയിലാണ് മഴ വില്ലനായി എത്തിയത്. ഇതിനുപുറമെ കാപ്പി പഴുക്കുന്നതോടെയുള്ള വാനരശല്യവും കർഷകർക്ക് വൻ ഭീഷണിയാണ് ഉയർത്തുന്നത്.














