ഗുണ്ടൽപ്പേട്ട : ബന്ദിപ്പുരിനും നാഗർഹോളെ വനമേഖലയ്ക്കും ഇടയിൽ കോഴിക്കോട് സ്വദേശിയുടെ കാർ ആക്രമിച്ച് ഒന്നരക്കോടിയുടെ സ്വർണം കവർന്നു. സ്വർണപ്പണിക്കാരനായ വിനുനുനേരേയാണ് വ്യാഴാഴ്‌ച രാത്രി എട്ടോടെ ആക്രമണമുണ്ടായത്.ബന്ദിപ്പുർ-കേരള റൂട്ടിൽ നാഗർഹോളെയിലെ മൂലെഹോളിലേക്കുള്ള മദ്ദൂർ ഫോറസ്റ്റ് ചെക്പോസ്റ്റിന് സമീപമാണ് സംഭവം. ശനിയാഴ്ച വിനു പോലീസിൽ പരാതിനൽകിയതോടെയാണ് വിവരം പുറത്തറിഞ്ഞത്.
മാണ്ഡ്യയിലെ സ്വർണപ്പണിക്കാരനിൽനിന്ന് വിനു സ്വർണക്കട്ടി വാങ്ങി സുഹൃത്തിനൊപ്പം കാറിൽ നാട്ടിലേക്കുമടങ്ങുമ്പോഴാണ് കവർച്ചയ്ക്കിരയായത്. ഏകദേശം 1.5 കോടി രൂപ വിലമതിക്കുന്ന 1.2 കിലോഗ്രാം സ്വർണക്കട്ടിയാണ് ആറംഗസംഘം കൊള്ളയടിച്ചത്.പോലീസ് പറയുന്നതനുസരിച്ച്, വിനുവും സുഹൃത്തും മടക്കയാത്ര ആരംഭിച്ചപ്പോൾ മൂന്ന് കാറുകൾ സംശയാസ്‌പദമായി അവരെ പിന്തുടർന്നു. മൂലെഹോളിനടുത്ത് ഒരു കാറിന്റെ നിയന്ത്രണം തെറ്റി. മറ്റ് രണ്ട് കാറുകൾ പിന്തുടർന്ന് വിനുവിൻ്റെ കാർ തടഞ്ഞു. അക്രമികളിലൊരാൾ വിനുവിൻ്റെ സുഹൃത്തിനെ ഡ്രൈവർ സീറ്റിൽനിന്ന് വലിച്ചിറക്കി പിന്നിലേക്ക് ബലമായി കയറ്റി.
സംഘം കാർ വനത്തിലേക്ക് ഓടിച്ചുകൊണ്ടുപോയി വിനുവിന്റെ പക്കൽനിന്ന് സ്വർണക്കട്ടി അടങ്ങിയ ബാഗ് ബലമായി പിടിച്ചുപറിച്ചു. തുടർന്ന് രക്ഷപ്പെട്ടു.വിനുവും സുഹൃത്തും മദ്ദൂർ ഫോറസ്റ്റ് ചെക്പോസ്റ്റിലെത്തി ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. ഗുണ്ടൽപേട്ട് ടൗൺ പോലീസെത്തി പരിശോധന നടത്തി. സംഭവത്തിൽ അന്വേഷണം നടക്കുകയാണ്.














