Kerala

‘ക്ലാസിക്ക് പാടാനുള്ള തൊണ്ടയില്ലാതെ പോയി; ജനാധിപത്യവും തീവ്ര ഹിന്ദുത്വരാഷ്ട്രീയവും തമ്മിൽ ബന്ധമില്ല’

കൊച്ചി∙ റാപ്പ് എന്തിനാണ് ചെയ്യുന്നതെന്ന ചോദ്യം ജനാധിപത്യവിരുദ്ധമെന്നു റാപ്പർ വേടൻ. ജനാധിപത്യവും തീവ്ര ഹിന്ദുത്വരാഷ്ട്രീയവും തമ്മില്‍ ഒരു ബന്ധവുമില്ലെന്നും ഹിന്ദു ഐക്യവേദി നേതാവ് ശശികലയ്ക്കെതിരായ പരാമർശത്തിൽ വേടൻ പറഞ്ഞു. ‘‘ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാരിന്റെ പരിപാടിക്കാണ് ഞാൻ പോയത്. എന്നെ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ ഭാഗമാക്കി ചിത്രീകരിക്കാന്‍ നോക്കുന്നത് മണ്ടത്തരമാണ്. സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന കലാകാരനാണ് ഞാൻ. ഏതെങ്കിലും കക്ഷി രാഷ്ട്രീയത്തിന്റെ കൂടെ നിൽക്കുകയാണെങ്കിൽ ആ സ്വാതന്ത്ര്യം നഷ്ടപ്പെടുമെന്നാണ് കരുതുന്നത്. അതേസമയം, ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിന്റെ കൂടെ നില്‍ക്കുക എന്നത് ഒരു പൗരന്റെ കടമ കൂടിയാണ്’’– വേടൻ പറഞ്ഞു.

‘‘ഇപ്പോള്‍ എന്നെ വിഘടനവാദിയാക്കാനും തീവ്രവാദിയാക്കാനുമുള്ള ശ്രമത്തിലാണ്. അതില്‍ പ്രത്യേകിച്ചൊന്നും പറയാനില്ല. ഞാന്‍ എന്റെ ജോലിയാണ് ചെയ്യുന്നത്. ജാതി വെറിപൂണ്ട സംഗീതമാണ് ഞാന്‍ ഉണ്ടാക്കുന്നതെന്നാണ് അവര്‍ പറയുന്നത്. വെട്രിമാരനും പാ രഞ്ജിത്തും സിനിമ ചെയ്യാന്‍ തുടങ്ങിയപ്പോള്‍, അവര്‍ വന്നശേഷമാണ് ജാതീയത ഉണ്ടായത് എന്ന് പറഞ്ഞവരുണ്ട്. അതും ഇതുമായിട്ട് ബന്ധമുള്ളതായിട്ടാണ് തോന്നുന്നത്’’ – ശശികലയ്ക്ക് മറുപടിയായി വേടൻ പറഞ്ഞു.

‘‘നമ്മള്‍ ചെയ്യുന്നത് ‘വർക്ക്’ ആവുന്നുണ്ട്, നമ്മുടെ ജോലി ‘വര്‍ക്ക്’ ആവുന്നുണ്ട് എന്നതിന്റെ തെളിവാണ് എന്നെ വളഞ്ഞിട്ടുള്ള ആക്രമിക്കല്‍. അത് വ്യക്തികള്‍ക്ക് നേരെയുള്ള ആക്രമണമല്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഞാന്‍ മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയത്തിന് എതിരെയാണ് ആക്രമണം. സാധാരണക്കാരായ ആളുകളുടെ രാഷ്ട്രീയത്തിന് എതിരെയുള്ള ആക്രമണം. ജോലി ചെയ്യുക, മുന്നോട്ടുപോകുക എന്നാണ് ഞാന്‍ ചിന്തിക്കുന്നത്. വേറെയൊന്നും പ്രത്യേകിച്ച് പറയാനില്ല. കാണിച്ചു കൊടുക്കുക എന്നതാണ് നമ്മള്‍ ചെയ്യേണ്ടത്. . റാപ്പും പട്ടികജാതിക്കാരും തമ്മില്‍ പുലബന്ധമില്ല എന്ന് അവര്‍ പറഞ്ഞല്ലോ. ജനാധിപത്യവും തീവ്രഹിന്ദുത്വരാഷ്ട്രീയവും തമ്മില്‍ ഒരു ബന്ധവുമില്ല. ഞാന്‍ ജനാധിപത്യത്തിന്റെ കൂടെ നിന്നാണ് ജനാധിപത്യത്തെ കുറിച്ച് സംസാരിക്കുന്നത്. എനിക്ക് പറ്റിയിരുന്നെങ്കില്‍ ഞാന്‍ ഗസലൊക്കെ പാടിയേനെ. ക്ലാസിക്ക് പാടാനുള്ള തൊണ്ടയില്ലാതെ പോയി. അല്ലെങ്കില്‍ ഞാന്‍ ക്ലാസിക് ഒക്കെ പാടിയേനെ’’ – വേടൻ പറഞ്ഞു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.