പൊന്നാനി∙ ജില്ലയിലേക്കു വ്യാജ സർട്ടിഫിക്കറ്റുകൾ കുറിയർ ചെയ്യുന്ന തിരുവനന്തപുരത്തെ ഏജൻസിയിൽ അന്വേഷണ സംഘം പരിശോധനയ്ക്കെത്തി. ദിവസവും നൂറുകണക്കിന് സർട്ടിഫിക്കറ്റുകൾ അയയ്ക്കുന്നത് ആരാണെന്നതാണ് പൊലീസിന് അറിയേണ്ടിയിരുന്നത്. പൊന്നാനിയിലെ ഇർഷാദും തിരൂരിലെ നിസാറും പറഞ്ഞതനുസരിച്ച് ജോസ് എന്നയാളാണ് സർട്ടിഫിക്കറ്റുകൾ അയയ്ക്കുന്നതെന്നാണ് വിവരം. ഇൗ ജോസിനെയാണ് പൊലീസ് തിരഞ്ഞത്. കുറിയർ ഏജൻസിയിൽനിന്നു ജോസ് എന്ന പേരിലൊരു മേൽവിലാസം കിട്ടി. എന്നാൽ, ഏറെ അന്വേഷിച്ചിട്ടും പൊലീസിന് ജോസിനെ കണ്ടെത്താൻ കഴിഞ്ഞില്ല. ഒടുവിൽ ജോസ് എന്നൊരാൾ ഇല്ലെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തി. ജോസ് എന്ന പേരിൽ മറ്റൊരാളാണ് സർട്ടിഫിക്കറ്റുകൾ അയയ്ക്കുന്നത്. തട്ടിപ്പിലെ മുഖ്യകണ്ണിയായ ജോസിനെ തേടി അന്വേഷണം തുടങ്ങി… പഴുതടച്ച തട്ടിപ്പ്…തിരുവനന്തപുരത്തെ ജോസ് എന്നയാൾ നെടുമങ്ങാട് സ്വദേശി മണക്കോട് ജസീമാണെന്ന് പൊലീസിന് മനസ്സിലായി. ഹൈദരാബാദ് വിമാനത്താവളത്തിൽ വ്യാജ സർട്ടിഫിക്കറ്റ് പിടിച്ചതുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതിയാണ് ഇയാളെന്നും പൊലീസിന് ബോധ്യപ്പെട്ടു. ഇയാൾ ഹൈദരാബാദ് പൊലീസിൽനിന്ന് തന്ത്രപരമായി രക്ഷപ്പെട്ടതായിരുന്നു. എന്നെങ്കിലും പിടിക്കപ്പെടുമെന്ന് ജസീമിന് ഉറപ്പായിരുന്നു. അതുകൊണ്ടുതന്നെ ഇയാൾ നിരന്തരം വാർത്തകൾ നിരീക്ഷിച്ചിരുന്നു. കൊല്ലം കടയ്ക്കലുള്ള എജ്യുക്കേഷൻ കൺസൽറ്റൻസിയിലേക്കും ജസീം ദിവസേന നൂറുകണക്കിന് സർട്ടിഫിക്കറ്റുകൾ അയച്ചിരുന്നുവെന്ന് കണ്ടെത്തി. അങ്ങനെ കടയ്ക്കലിലെ സ്ഥാപനത്തിലും സ്ഥാപന നടത്തിപ്പുകാരനായ കടയ്ക്കൽ സ്വദേശി അഫ്സലിന്റെ വീട്ടിലും പരിശോധന നടന്നു. ഇവിടെനിന്നു നൂറുകണക്കിന് സർട്ടിഫിക്കറ്റുകൾ പിടിച്ചെടുത്തു. കടയ്ക്കൽ പൊലീസ് കേസെടുത്ത് അഫ്സലിനെ അറസ്റ്റ് ചെയ്തു.
വ്യാജൻ രൂപപ്പെടുന്ന അച്ചടികേന്ദ്രംവ്യാജ സർട്ടിഫിക്കറ്റുകളുടെ ഉറവിടം തമിഴ്നാട്ടിലെ ശിവകാശിയിലാണെന്ന് പൊലീസ് കണ്ടെത്തി. വിരുത നഗറിലെ ഇരുനില വീട്ടിൽ ഇടവേളകളില്ലാതെ അച്ചടി നടക്കുകയാണ്. വ്യാജ സർട്ടിഫിക്കറ്റുകളുടെ നിർമാണത്തിനു മാത്രമായാണ് ഇൗ അച്ചടി കേന്ദ്രം. രാജ്യത്തെ 22 സർവകലാശാലകളുടെ സീലുകളും ഹോളോഗ്രാമും ഉൾപ്പെടെ സകലതും അവിടെ സജ്ജമാണ്. ഏത് സർട്ടിഫിക്കറ്റും നിമിഷങ്ങൾക്കകം അച്ചടിച്ചെടുക്കും. പരമാവധി 800 രൂപ ചെലവു വരുന്ന രീതിയിൽ നിർമിച്ചെടുക്കുന്ന വ്യാജ സർട്ടിഫിക്കറ്റിന് ഒന്നര ലക്ഷം രൂപ വരെ വാങ്ങി. 10 ലക്ഷം സർട്ടിഫിക്കറ്റുകൾ ഇൗ കേന്ദ്രത്തിൽനിന്നു നിർമിച്ചെടുത്തിട്ടുണ്ടെന്നാണ് കണക്ക്. ഏതാണ്ട് 750 കോടിയുടെ തട്ടിപ്പിനാണ് ഇൗ അച്ചടികേന്ദ്രം നേതൃത്വം നൽകിയിരിക്കുന്നത്. സർവകലാശാലകളിൽ മാറിമാറി വരുന്ന ചാൻസലർമാരുടെ പേരുകളും കോഴ്സുകളുടെ രീതികളും സർട്ടിഫിക്കറ്റുകളുടെ സ്വഭാവവുമെല്ലാം ഇവിടെയുള്ളവർക്ക് മനഃപാഠമാണ്. ഒറിജിനലിനെ വെല്ലുന്ന ഹോളോഗ്രാം സംഘടിപ്പിച്ചു നൽകുന്നതിനും സീൽ നിർമിച്ചു നൽകുന്നതിനും സർട്ടിഫിക്കറ്റിനായുള്ള പേപ്പറുകൾ നിർമിക്കുന്നതിനുമെല്ലാം പ്രത്യേകം ചുമതലക്കാരുണ്ട്. അച്ചടികേന്ദ്രത്തിലുണ്ടായിരുന്ന ജൈനുലാബുദ്ദീൻ, അരവിന്ദ് കുമാർ, വെങ്കിടേഷ് എന്നിവരെ അറസ്റ്റ് ചെയ്തു.
തൊട്ടുപിന്നാലെ സർട്ടിഫിക്കറ്റിനായുള്ള പേപ്പറുകൾ എത്തിച്ചിരുന്ന ജഹാംഗീർ, സീലുകൾ നിർമിച്ചു നൽകിയിരുന്ന പരമശിവം, ഹോളോഗ്രാം എത്തിച്ചുനൽകിയിരുന്ന പൊൻപാണ്ടി എന്നിവരെയും അറസ്റ്റ് ചെയ്തു. വർഷങ്ങളായി കണ്ണിപൊട്ടാതെ വ്യാജ സർട്ടിഫിക്കറ്റുകൾ ദിവസവും അച്ചടിച്ച് വിൽപന നടത്തിയിരുന്ന ഇൗ സംഘത്തിന് ഒരു തലവനുണ്ടെന്ന് പൊലീസിന് തുടക്കം മുതലേ മനസ്സിലായിരുന്നു. ആരും നേരിൽ കണ്ടിട്ടില്ലാത്ത തലവൻ. ഡാനി എന്ന് വിളിപ്പേരുള്ളയാൾ. ഇൗ ഡാനിയെ തേടിയാണ് പിന്നീട് പൊലീസ് ഇറങ്ങിയത്.പണം ലഭിച്ചിരുന്നത് ജസീമിന്ഒരു സർട്ടിഫിക്കറ്റിന് ഒന്നര ലക്ഷം രൂപ വരെ വാങ്ങിക്കുന്നുണ്ടെന്നാണ് പൊലീസിന് കിട്ടിയ വിവരം. എജ്യുക്കേഷൻ കൺസൽറ്റൻസികളെല്ലാം ജസീമിനാണ് പണം അയച്ചുകൊടുക്കുന്നത്. ജസീമിന്റെ ബന്ധുവായ ആര്യനാട് കടയറ വീട്ടിൽ ഷെഫീഖ്, സുഹൃത്തായ പിഎസ് നഗർ രതീഷ് എന്നിവരിലൂടെയാണ് ഏജൻസികളിൽനിന്നു പണം കൈപ്പറ്റിയിരുന്നത്. ഇവരെ രണ്ടു പേരെയും അറസ്റ്റ് ചെയ്തെങ്കിലും ജസീമിനെ കിട്ടിയില്ല. പൊലീസ് പിന്തുടരുന്നുണ്ടെന്ന് മനസ്സിലാക്കിയ ജസീം ബെംഗളൂരുവിലേക്ക് കടന്നിരുന്നു. രക്ഷപ്പെടാനുള്ള എല്ലാ വഴികളും അടച്ച് കൊതനൂരിൽ വച്ച് ജസീമിനെ പൊലീസ് പിടികൂടി. ഏജൻസികൾക്ക് കുറിയർ ചെയ്യാനായി ദിവസവും നൂറുകണക്കിന് സർട്ടിഫിക്കറ്റുകൾ ജസീമിന് എങ്ങനെ, എവിടെനിന്ന് കിട്ടുന്നുവെന്നാണ് പൊലീസിന് അറിയേണ്ടിയിരുന്നത്.














