Wayanad

വയനാട് പുനരധിവാസം: ഫെബ്രുവരിയിൽ ആദ്യഘട്ട വീടുകൾ കൈമാറും; 289 വീടുകളുടെ വാർപ്പ് പൂർത്തിയായി

കൽപറ്റ ∙ ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനുള്ള മാതൃകാ ടൗൺഷിപ്പിന്റെ നിർമാണം അതിവേഗം പുരോഗമിക്കുകയാണെന്നും ഫെബ്രുവരിയിൽ ആദ്യഘട്ട വീടുകളുടെ കൈമാറ്റം നടത്തുമെന്നും റവന്യു മന്ത്രി കെ. രാജൻ. എൽസ്റ്റൺ എസ്റ്റേറ്റിൽ ടൗൺഷിപ്പിന്റെ നിർമാണ പുരോഗതി വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരന്തത്തിന് ശേഷം സർക്കാർ ഉറപ്പ് നൽകിയ എല്ലാ കാര്യങ്ങളും നടപ്പാക്കിയിട്ടുണ്ട്. മറിച്ചുള്ളതെല്ലാം വ്യാജ പ്രചാരണങ്ങളാണ്. വീടുകൾ കൈമാറിയാൽ അന്ന് തന്നെ താമസമാരംഭിക്കുന്ന തരത്തിൽ എല്ലാ പണികളും പൂർത്തിയാക്കിയാണ് വീടുകൾ കൈമാറുക.

കർണാടക സർക്കാർ വീട് നിർമാണത്തിനായി നൽകിയത് 10 കോടി രൂപയാണ്. വീട് നിർമാണത്തിന് കേന്ദ്ര സർക്കാർ പണം നൽകിയിട്ടില്ല. ദുരന്ത ബാധിതരുടെ കടങ്ങൾ എഴുതിത്തള്ളാൻ കേന്ദ്ര സർക്കാറിന് നിഷ്പ്രയാസം സാധിക്കുമെന്നിരിക്കെ കേന്ദ്ര സർക്കാർ നിഷേധാത്മക സമീപനമാണ് സ്വീകരിക്കുന്നത്. കടം എഴുതിത്തള്ളാൻ ദേശീയ ദുരന്ത നിവാരണ അതോറിറ്റിയെ ചുമതലപ്പെടുത്തുന്ന സെക്‌ഷൻ 13 എടുത്ത് കളഞ്ഞ് ദുരന്തബാധിതരെ കൂടുതൽ ബുദ്ധിമുട്ടിക്കുകയാണ് ചെയ്തത്. എന്നാൽ സംസ്ഥാന സർക്കാർ മാനുഷിക പരിഗണന നൽകി ദുരന്ത ബാധിതരെ സഹായിക്കുന്നുണ്ട്. വാടക കൃത്യമായി നൽകാനും ജീവനോപാധി നൽകാനും സംസ്ഥാന സർക്കാരിന് സാധിച്ചിട്ടുണ്ട്. കച്ചവടക്കാർക്കുണ്ടായ നഷ്ടം പരിഹരിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കുന്നുണ്ട്. രാജ്യത്തെ മറ്റൊരു ദുരന്തബാധിതരേയും ഇതു പോലെ ഒരു സർക്കാരും ചേർത്ത് നിർത്തിയിട്ടില്ല. ഇതെല്ലാം വിസ്മരിച്ചാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്.

∙ 289 വീടുകളുടെ വാർപ്പ് പൂർത്തിയായി

മുണ്ടക്കൈ-ചൂരൽമല ദുരന്ത ബാധിതർക്കായി ഉയരുന്ന ടൗൺഷിപ്പിൽ 289 വീടുകളുടെ വാർപ്പ് പൂർത്തിയായി. അഞ്ച് സോണായാണ് നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. 1700 ലധികം തൊഴിലാളികളാണ് ദിവസേന ടൗൺഷിപ്പ് നിർമാണത്തിന്റെ ഭാഗമാവുന്നത്. വാർപ്പ് കഴിഞ്ഞ വീടുകളിൽ പ്ലംമ്പിങ്, തേപ്പ്, ഫ്ളോറിങ് എന്നിവ അതിവേഗം പൂർത്തിയാകുന്നുണ്ട്. വീടുകളുടെ എർത്ത് വർക്ക്, പ്ലെയിൻ സിമന്റ് കോൺക്രീറ്റ് പ്രവൃത്തികൾ, ഷിയർ വാൾ പ്രവർത്തികളും പുരോഗമിക്കുകയാണ്.

ടൗൺഷിപ്പിലെ പ്രധാന റോഡിൽ ഇലക്ട്രിക്കൽ ഡക്ട് നിർമാണവും സൈഡ് ഡ്രെയിനജ് നിർമാണവും പുരോഗമിക്കുകയാണ്. ആകെ 11.423 കിലോമീറ്റർ റോഡുകളാണ് ടൗൺഷിപ്പിൽ നിർമിക്കുക. ഒൻപത് ലക്ഷം ലീറ്റർ ശേഷിയിൽ നിർമിക്കുന്ന കുടിവെള്ള സംഭരണി, സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, ഓവുചാൽ എന്നിവയുടെ നിർമാണവും ഏൽസ്റ്റണിൽ പുരോഗമിക്കുകയാണ്. 2024 ഓഗസ്റ്റ് മുതൽ 2025 ഡിസംബർ വരെ 17 മാസ കാലയളവിൽ സർക്കാർ ദുരിതബാധിതർക്കായി ജീവനോപാധി നൽകിയിട്ടുണ്ട്.

ജീവനോപാധി നഷ്ടപ്പെട്ട കുടുംബങ്ങളിലെ രണ്ട് വ്യക്തികൾക്ക് 300 രൂപ വീതം എസ്ഡിആർഎഫിൽ നിന്നും ദീർഘനാൾ ചികിത്സയിൽ കഴിയുന്ന കിടപ്പുരോഗികളുള്ള കുടുംബത്തിലെ ഒരാൾക്ക് കൂടി 300 രൂപ വീതവും അധികമായി സിഎംഡിആർഎഫിൽ നിന്നും നൽകുന്നുണ്ട്. 1183 ആളുകൾക്ക് 12 ഗഡുക്കളായാണ് സർക്കാർ ഉത്തരവ് പ്രകാരം ധനസഹായം വിതരണം ചെയ്തത്.

2025 ഡിസംബർ മാസത്തെ ഉപജീവനബത്ത 1183 പേർക്ക് 1,06,47,000 രൂപയും അനുവദിച്ചു. 2024 ഓഗസ്റ്റ് മാസം മുതൽ 2025 ഡിസംബർ മാസം വരെ ഉപജീവനബത്ത അനുവദിക്കുന്നതിനായി സിഎംഡിആർഎഫിൽ നിന്ന് 21,06,000 രൂപയും എസ്ഡിആർഎഫിൽ നിന്ന് 15,41,48,000 രൂപയും വിനിയോഗിച്ചിട്ടുണ്ട്. 2024 ഓഗസ്റ്റ് മുതൽ 2025 ഡിസംബർ വരെ 5,91,06,200 രൂപ ദുരിത ബാധിതർക്ക് വാടക ഇനത്തിൽ മാത്രം നൽകി.
.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.