കല്പറ്റ: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മലനിരയായ ഹിമാലയത്തെപ്പോലും അനായാസം മറികടന്ന് പറക്കുന്ന കുറിത്തലയൻ വാത്ത (Bar-headed goose) ഇതാദ്യമായി വയനാട്ടിലെത്തി.പക്ഷിസമ്പത്ത് വിലയിരുത്തുന്നതിനായുള്ള ഏഷ്യൻ നീർപ്പക്ഷി സെൻസസിനിടെയാണ് ഈ അപൂർവ അതിഥികളെ കണ്ടെത്തിയത്.വയനാട് കൊളവള്ളിയിലെ പാടശേഖരത്തിലാണ് 26 എണ്ണമടങ്ങുന്ന കുറിത്തലയൻ വാത്തകളുടെ കൂട്ടത്തെ കണ്ടെത്തിയത്. പക്ഷിനിരീക്ഷണ ഡേറ്റബേസായ ‘ഇ-ബേഡി’ലെ വിവരങ്ങൾ പ്രകാരം വയനാട് ജില്ലയിൽ ഈ പക്ഷിയെ കണ്ടെത്തുന്നത് ഇതാദ്യമായാണ്. തെക്ക്-കിഴക്കൻ ചൈന, ടിബറ്റൻ പീഠഭൂമി, മംഗോളിയ എന്നിവിടങ്ങളിലാണ് ഇവ പ്രധാനമായും കാണപ്പെടുന്നത്. തണുപ്പുകാലത്ത് ഭക്ഷണം തേടിയാണ് ഇവ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്ക് എത്തുന്നത്. മാർച്ച് മാസത്തോടെ ഇവ തിരികെ മടങ്ങും. ഹിമാലയത്തിന് മുകളിലൂടെ ഏകദേശം 29,000 അടി ഉയരത്തിൽ വരെ പറക്കാൻ കഴിവുള്ളവരാണ് ഈ പക്ഷികൾ. നേരത്തെ തൃശ്ശൂരിലെ കോൾപാടങ്ങളിലും കണ്ണൂരിലെ കുനിയൻ തണ്ണീർത്തടത്തിലും ഇവയെ കണ്ടെത്തിയിട്ടുണ്ട്.














