കല്‍പ്പറ്റ: കണിയാമ്പറ്റ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ ഒരു വര്‍ഷം നീണ്ട സുവര്‍ണ ജൂബിലി ആഘോഷം 31ന് സമാപിക്കുമെന്ന് പ്രിന്‍സിപ്പല്‍ പി.ആര്‍. അജേഷ്, ഹെഡ്മിസ്ട്രസ് ഷിംജി ജേക്കബ്, കമ്മിറ്റി ഭാരവാഹികളായ അബ്ദുള്‍ഗഫൂര്‍ കാട്ടി, ഷഹര്‍ബാനു കമ്പളക്കാട്, ഇബ്രാഹിം കുടുക്കന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സമാപനത്തിനു മുന്നോടിയായി 26ന് രാവിലെ 10ന് സംഘടിപ്പിക്കുന്ന പൂര്‍വാധ്യാപക സംഗമം വിദ്യാലയത്തില്‍നിന്നുള്ള ദേശീയ അധ്യാപക അവാര്‍ഡ് ജേതാക്കളായ സി.കെ. പവിത്രന്‍, കെ.പി. ശ്രീകൃഷ്ണന്‍ എന്നിവര്‍ സംയുക്തമായി ഉദ്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞ് രണ്ടിന് പൂര്‍വ വിദ്യാര്‍ഥി സംഗമം ചേരും. പൂര്‍വ വിദ്യാര്‍ഥികളില്‍ ആദ്യമായി സിവില്‍ സര്‍വീസ് നേടിയ കെ.കെ. അഷ്‌റഫ് ഉദ്ഘാടനം ചെയ്യും.31ന് വൈകുന്നേരം 4.30ന് കണിയാമ്പറ്റ ടൗണില്‍ ഘോഷയാത്ര നടത്തും. അഞ്ചിന് സമാപന സമ്മേളനം ടി. സിദ്ദിഖ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ അധ്യക്ഷത വഹിക്കും. രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുക്കും.ആഘോഷത്തിന്റെ ഭാഗമായി മഷി പറഞ്ഞ കഥകള്‍ എന്ന പേരില്‍ സര്‍ഗാത്മക ശില്‍പ്പശാല, സ്‌പെക്ട്രം-2025 ശാസ്ത്ര ശില്‍പ്പശാല, ഗോത്ര ജനതയും വിദ്യാഭ്യാസ ഉത്കണ്ഠകളും എന്ന വിഷയത്തില്‍ സംവാദം, ഭവന സന്ദര്‍ശനം, ഒന്നിച്ചോണം തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിച്ചതായി പ്രിന്‍സിപ്പലും ഹെഡ്മിസ്ട്രസും പറഞ്ഞു. നിലവില്‍ ആയിരത്തോളം പഠിതാക്കളും 50 അധ്യാപക-അനധ്യാപക ജീവനക്കാരും വിദ്യാലായത്തിലുണ്ട്.














