കാക്കനാട്∙ ഏയ് ഓട്ടോ…. ഫുൾ സ്ലീവ് ഷർട്ടും ഫോർമൽ പാന്റ്സും ധരിച്ചെത്തിയ യുവതി വിളിച്ചു. അടുത്തെത്തിയ ഓട്ടോ ഡ്രൈവറോട് മീറ്റർ അനങ്ങില്ലേയെന്ന ചോദ്യം. ‘ഹോ…. ഈ രാത്രി മീറ്ററൊക്കെ ഇട്ട് ഓടി എങ്ങനെ മുതലാക്കാൻ’ – ഓട്ടോ ഡ്രൈവറുടെ മറുപടി. തർക്കിക്കാതെ ഉപദേശിക്കുന്ന യുവതിക്കടുത്തേക്ക് അപ്പോഴേക്കും മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെത്തി. ഓട്ടോ വിളിച്ചതു കലക്ടറാണെന്നും അവർ പരിശോധനയ്ക്ക് ഇറങ്ങിയതാണെന്നും ഡ്രൈവറെ ബോധ്യപ്പെടുത്തി.
കലക്ടർ ജി.പ്രിയങ്കയുടെ നേതൃത്വത്തിൽ രാത്രി കൊച്ചി നഗരത്തിൽ ഓട്ടോ പരിശോധനയ്ക്കിറങ്ങിയ ഉദ്യോഗസ്ഥർ നിയമ ലംഘനം കണ്ടെത്തിയ 174 ഓട്ടോറിക്ഷകൾക്ക് പിഴ ചുമത്തി. ഇതിൽ 72 ഓട്ടോറിക്ഷകളും ഫെയർ മീറ്റർ പ്രവർത്തിപ്പിക്കാത്തവയായിരുന്നു. സ്ത്രീ സൗഹൃദ ഓട്ടോ സംസ്കാരം വളർത്തിയെടുക്കണമെന്ന് കലക്ടർ ഓട്ടോ ഡ്രൈവർമാരെ ഉപദേശിച്ചു. എൻഫോഴ്സ്മെന്റ് ആർടിഒ ബിജു ഐസക്കിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് കലക്ടർക്കൊപ്പമുണ്ടായിരുന്നത്. റെയിൽവേ സ്റ്റേഷനുകൾ, വൈറ്റില, കലൂർ, കതൃക്കടവ്, ഹൈക്കോടതി പരിസരങ്ങളിലായിരുന്നു പരിശോധന.
6 സ്ക്വാഡുകൾ ചേർന്നു 365 ഓട്ടോറിക്ഷകളാണ് പരിശോധിച്ചത്. ഇതര ജില്ലകളിൽ നിന്നെത്തി രാത്രി മാത്രം അനധികൃത സർവീസ് നടത്തിയിരുന്ന 20 ഓട്ടോകൾ പിടികൂടി. ആലപ്പുഴ, ഇടുക്കി, കോട്ടയം ജില്ലകളിൽ നിന്നുള്ളവരാണിവർ. 15 ഓട്ടോറിക്ഷകൾക്ക് ഫിറ്റ്നസ് ഇല്ലെന്നും കണ്ടെത്തി. നികുതി അടയ്ക്കാതെ സർവീസ് നടത്തിയ 10 ഓട്ടോകളും നമ്പർ പ്ലേറ്റില്ലാത്ത 15 ഓട്ടോകളും പിടികൂടി. അധിക ലൈറ്റുകൾ ഘടിപ്പിച്ചു മറ്റു വാഹനങ്ങൾക്ക് ശല്യമുണ്ടാകും വിധം അമിത വെളിച്ചം വിതറി ഓടിയ 12 ഓട്ടോറിക്ഷകൾക്ക് പിഴ ചുമത്തി. ലൈസൻസില്ലാത്ത 7 ഓട്ടോ ഡ്രൈവർമാരും പിടിയിലായി.













