ജറുസലം∙ വടക്കൻ ഗാസ മുനമ്പിൽ വിവിധയിടങ്ങളിൽ ഇസ്രയേൽ സൈന്യം നടത്തിയ വെടിവയ്പ്പിൽ 2 കുട്ടികളടക്കം മൂന്ന് പലസ്തീനുകാർ കൊല്ലപ്പെട്ടു. ബെയ്റ്റ് ലാഹിയ ആശുപത്രിക്ക് സമീപം നടന്ന വ്യോമാക്രമണത്തിലാണ് 2 കുട്ടികൾ കൊല്ലപ്പെട്ടത്. ജബാലിയയിൽ ആളുകൾ ഒത്തുകൂടിയ സ്ഥലത്തെ ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ ഷെല്ലാക്രമണത്തിലാണ് മറ്റൊരാൾ കൊല്ലപ്പെട്ടത്. ഇയാൾക്കൊപ്പമുണ്ടായ നിരവധി പേർക്ക് പരുക്ക് പറ്റിയതായി ഗാസയിലെ സിവിൽ ഡിഫൻസ് വക്താവ് മഹ്മൂദ് ബസൽ പറഞ്ഞു.
തുടർച്ചയായ വെടിവയ്പ്പ് ഉണ്ടായെന്നും ഇസ്രയേലിന്റെ ആക്രമണത്തിൽ നിരവധി കെട്ടിടങ്ങൾ തകർന്നുവെന്നും റിപ്പോർട്ടുകളുണ്ട്. റാഫയിലും വെടിവയ്പ്പുണ്ടായിട്ടുണ്ട്. 2025 ഒക്ടോബർ 10 ന് വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നതിനുശേഷം ഇതുവരെ മരണപ്പെട്ട പലസ്തീനികളുടെ എണ്ണം 481 ആണെന്ന് അധികൃതർ അറിയിച്ചു.













