Kerala

കാലുപിടിച്ച് മാപ്പ് പറഞ്ഞിട്ടും നിർത്താത്ത ക്രൂരത; പതിനാറുകാരനെ ക്രൂരമായി മർദിച്ച ഒരാൾകൂടി പിടിയിൽ

കൽപറ്റയിൽ പതിനാറുകാരനെ അതിക്രൂരമായി മർദിച്ച സംഭവത്തിൽ ഒരാൾകൂടി പിടിയിൽ. കൽപറ്റ സ്വദേശി നാഫിലാണ് (18) അറസ്റ്റിലായത്. കേസിൽ പ്രായപൂർത്തിയാകാത്ത രണ്ടുപേരെ നേരത്തേ പിടികൂടിയിരുന്നു. ഇതോടെ സംഭവത്തിൽ പിടിയിലായവരുടെ എണ്ണം മൂന്നായി. കേസിൽ ഉൾപ്പെട്ട പ്രായപൂർത്തിയാകാത്ത കുട്ടികളെ കസ്റ്റഡിയിലെടുക്കുകയും ജുവനൈൽ ജസ്റ്റിസ് ബോർഡ് മുൻപാകെ ഹാജരാക്കി കൗൺസിലിങ് ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായി ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ എൽപ്പിക്കുകയും ചെയ്തു.മർദന ദൃശ്യങ്ങൾ പുറത്തുവന്നതിനു ശേഷം നാഫിൽ മേപ്പാടിയിലെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ആശുപത്രി പരിസരത്തു നിന്നാണ് നാഫിലിനെ പൊലീസ് പിടികൂടിയത്. ഇരട്ടപ്പേര് വിളിച്ചെന്നും മോശം വാക്കുകൾ ഉപയോഗിച്ചെന്നും ആരോപിച്ചാണ് പതിനാറുകാരനെ ഫോണിലൂടെ വിളിച്ചുവരുത്തി ഒരുകൂട്ടം വിദ്യാർഥികൾ മർദിച്ചത്.മുഖത്തും തലയിലും പുറത്തും വടികൊണ്ടും മറ്റും അതിക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. മർദനമേറ്റ കുട്ടിയെക്കൊണ്ട് കാലിൽ പിടിപ്പിച്ച് മാപ്പ് പറയിപ്പിക്കുന്നതും ഈ ദൃശ്യത്തിലുണ്ടായിരുന്നു. മർദനം സഹിക്കവയ്യാതെ കുട്ടി മാപ്പ് പറയുകയും കാലുപിടിക്കുകയും ചെയ്യുമ്പോഴും മറ്റുള്ളവർ അടി തുടരുകയായിരുന്നു. കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് മൂന്നു മണിയോടെയാണ് മർദനം ഉണ്ടായതെന്നാണ് സൂചന. അഞ്ചു മിനിറ്റോളം നീണ്ട മർദനദൃശ്യങ്ങൾ ഉൾപ്പെടെ പരാതി ലഭിച്ചതിനു പിന്നാലെയാണ് കൽപറ്റ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.