കൊച്ചി ∙ വിമാന യാത്രയ്ക്കിടെ തൊട്ടടുത്ത സീറ്റിലിരുന്ന യാത്രക്കാരിയോടു അപമര്യാദയായി പെരുമാറിയ 62 കാരൻ പിടിയിൽ. തിങ്കളാഴ്ച രാവിലെ 6.30ഓടെ നെടുമ്പാശേരിയിൽ ഇറങ്ങിയ ദോഹ–കൊച്ചി ഖത്തർ എയർവേയ്‌സ് വിമാനത്തിലാണ് സംഭവം. തമിഴ്നാട് സ്വദേശി മോഹൻ എന്നയാളാണ് അടുത്തിരുന്ന മലയാളിയായ യാത്രക്കാരിയോടു മോശമായി പെരുമാറിയത്.
ഇയാൾ കടന്നുപിടിക്കാൻ ശ്രമിച്ചതായി യുവതി വിമാനത്തിൽ വച്ചു പരാതിപ്പെട്ടു. തുടർന്ന് കൊച്ചിയിൽ വിമാനം ലാൻഡ് ചെയ്തപ്പോൾ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. നെടുമ്പാശേരി പൊലീസ് കസ്റ്റഡിയിലെടുത്ത മോഹനെ വൈദ്യപരിശോധനയ്ക്കു ശേഷം കോടതിയിൽ ഹാജരാക്കി. പ്രതിയെ റിമാൻഡ് ചെയ്തു.














