കോഴിക്കോട് ∙ 26 വയസ്സുകാരിയെ ആത്മഹത്യ ചെയ്യാൻ വിളിച്ചു വരുത്തിയ ശേഷം കൊലപ്പെടുത്തിയ കാമുകൻ അറസ്റ്റിൽ. കോഴിക്കോട് എലത്തൂരിലാണ് ദാരുണ സംഭവം. 26 വയസ്സുള്ള യുവതിയുമായി എലത്തൂർ സ്വദേശി വൈശാഖൻ വർഷങ്ങളായി പ്രണയത്തിലായിരുന്നു. തുടർന്ന് യുവതി വിവാഹ അഭ്യർഥന നടത്തിയപ്പോൾ ഒരുമിച്ച് ജീവിക്കാനാവില്ലെന്നും പകരം മരിക്കാം എന്നു വിശ്വസിപ്പിച്ച് യുവതിയെ ശനിയാഴ്ച രാവിലെ വൈശാഖ് തന്റെ വർക്ക്‌ഷോപ്പിലേക്ക് വിളിച്ചു വരുത്തിയാണ് കൊലപ്പെടുത്തിയത്.
യുവതിയുടെ മരണം ആത്മഹത്യയാണെന്നാണ് ആദ്യം കരുതിയത്. എന്നാൽ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസിനുണ്ടായ സംശയമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. വൈശാഖും യുവതിയും കസേരയിൽ കയറിനിന്ന് ആത്മഹത്യ ചെയ്യാനായി കഴുത്തിൽ കുരുക്കിട്ടെന്നും, ശേഷം കസേര തട്ടിമാറ്റി യുവതിയെ കൊലപ്പെടുത്തി എന്നുമാണ് വൈശാഖൻ പൊലീസിനു നൽകിയ മൊഴി. പെൺകുട്ടി പ്രായപൂർത്തിയാകും മുൻപേ വൈശാഖൻ പീഡിപ്പിച്ചിരുന്നതായും പൊലീസ് പറയുന്നു.














